റാവുവിന്റെ സ്യൂട്ട് കേസ്, ട്രോളായി ട്രോൾ ബാഗ് ! വോട്ടെന്നും ട്രങ്ക് പെട്ടിക്ക് ; 25 ലക്ഷം പോലും തികയില്ലല്ലോ
Mail This Article
കൊച്ചി ∙ അങ്ങനെ ഒരു പെട്ടി കൂടി ചർച്ചയിലെത്തി. ഇത്തവണ ട്രോളി ബാഗാണ് വാർത്തകളിൽ. എന്നാൽ വാർത്തകളെക്കാൾ ട്രോളുകളാണ് കൂടുതൽ. പാലക്കാട് തിരഞ്ഞെടുപ്പിൽ പണം കൊണ്ടുവന്നത് ‘അമേരിക്കൻ ടൂറിസ്റ്ററി’ന്റെ ട്രോളി ബാഗിലാണെന്ന ആരോപണവും മറുപടിയും തർക്കവും തുടരുകയാണ്. ‘പണപ്പെട്ടി’ രാഷ്ട്രീയ ചർച്ചകളിൽ പണ്ടേ സ്ഥാനാർഥിയാണ്. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെതിരെ ഒരു കോടി രൂപയുടെ ആരോപണം ഉയർന്നപ്പോൾ ഒരു കറുത്ത സ്യൂട്ട്കേസിനെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ച. ഒരു കോടി രൂപ അടുക്കി വയ്ക്കാൻ സ്യൂട്ട്കേസ് പോരാ, ശവപ്പെട്ടി വേണമെന്നു വരെ പോയി മറുപടി. പിന്നീട് ബാർകോഴ കേസിലും പണപ്പെട്ടി ചർച്ചയിൽ വന്നു. ഈ ചർച്ചകളിലൊന്നും സ്യൂട്ട്കേസ് രംഗപ്രവേശം ചെയ്തില്ല. എന്നാൽ പാലക്കാട്ട് കഥാപുരുഷനായ നീല ട്രോളി ബാഗ് സിസിടിവിയിലും പിന്നീട് പത്ര സമ്മേളനത്തിലും രംഗപ്രവേശം നടത്തി.
ഒരുകാലത്ത് ഡല്‍ഹിയില്‍ നടന്നിരുന്ന പണമിടപാടുകളിലെ കണക്ക് ‘പെട്ടി’യുടെ അടിസ്ഥാനത്തിലായിരുന്നു. ‘ഒരു പെട്ടി’ എന്നു പറഞ്ഞാൽ 5 കോടി. ബാങ്കുകൾ നോട്ടുകെട്ടുകൾ ബണ്ടിലായി അടുക്കി വയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പെട്ടിക്കണക്ക് ഉണ്ടായത്. പെട്ടി എന്നാൽ സ്യൂട്ട്കേസ്. 2000 രൂപയുടെ നോട്ടുകെട്ടുകൾ അടുക്കിവച്ചാൽ 5 കോടി രൂപ സ്യൂട്ട്കേസിൽ കൊള്ളും എന്നായിരുന്നു ഈ കണക്കിന്റെ അടിസ്ഥാനം. ഓരോ ഇടപാടിനും എത്ര പെട്ടി ഇടപെട്ടു എന്നത് അനുസരിച്ച് കോടികളും മാറിക്കൊണ്ടിരിക്കും. ബാങ്കുകൾ ഇപ്പോഴും പണപ്പെട്ടിയായി ഉപയോഗിക്കുന്നത് പഴയ ഇരുമ്പ് ട്രങ്ക് പെട്ടിയാണ്. വലിയ ട്രങ്കിൽ ഒരു കോടി രൂപ വരെ കൊള്ളും. ചെറുതിൽ 20 ലക്ഷം വരെ. 500 രൂപ നോട്ടുകളുടെ കാര്യമാണിത്. അതേസമയം വ്യക്തികൾ ബാങ്കിൽനിന്നു പണം കൊണ്ടു പോകാൻ ബാഗുകളാണ് ആശ്രയിക്കുന്നതെന്ന് ബാങ്ക് അധികൃതർ പറയുന്നു. പിന്നെ ട്രങ്ക് പെട്ടി വാങ്ങിക്കുന്നത് പൊലീസുകാരാണ്. ക്യാംപുകളിൽ സ്വന്തം സാധനങ്ങൾ സൂക്ഷിക്കാനാണിത്.
അതു ട്രങ്കിന്റെ കഥ. യഥാർഥത്തിൽ പാലക്കാട്ടെ ട്രോളി ബാഗിൽ എത്ര പണം കൊള്ളും? വിദഗ്ധർ പറയുന്നത് പരമാവധി 35–40 ലക്ഷം രൂപ വരെ എന്നാണ്. എന്നാൽ 500 ന്റെ ബണ്ടിലുകൾ അടുക്കിയാൽ 25–40 ലക്ഷത്തിൽ കൂടുതൽ കൊള്ളില്ല എന്നും വിദഗ്ധർ പറയുന്നു. ഇടത്തരം ട്രോളി ബാഗിൽ 500 രൂപയുടെ 50 ലധികം ബണ്ടിലുകൾ കൊള്ളും. പണം പൊതുവെ കൈമാറുന്നത് മറ്റു രീതികളിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പണമുള്ളവരെ പണച്ചാക്ക് എന്നു വിളിക്കുമെങ്കിലും പണം ചാക്കിൽ കൊണ്ടുവരുന്നത് വിരളമാണെന്ന് പൊലീസ് പറയുന്നു. സഞ്ചികൾ, പൊതിക്കെട്ടുകൾ തുടങ്ങിയ രീതികളാണ് കൈമാറ്റത്തിന് സ്വീകരിക്കുക.