ADVERTISEMENT

വയനാട്∙ കോൺഗ്രസിന്റെ മതനിരപേക്ഷ മുഖം മൂടി പൂർണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഉപതിരഞ്ഞെടുപ്പിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ശേഷമുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതെന്നും മുഖ്യന്ത്രി ആരോപിച്ചു. 

‘‘എന്താണ് കോൺഗ്രസിന്റെ നിലപാട്? നമ്മുടെ രാജ്യം ജമാഅത്തെ ഇസ്‌ലാമിയെ പരിചയമില്ലാത്ത രാജ്യമല്ലല്ലോ. ആ സംഘടനയുടെ  നിലപാട് ജനാധിപത്യത്തിനു നിരക്കുന്നതാണോ? ജമാഅത്തെ ഇസ്‌ലാമി രാജ്യത്തേയും രാജ്യത്തിന്റെ ജനാധിപത്യത്തേയും പ്രധാനമായി കാണുന്നില്ല. രാജ്യത്തിന്റെ ഭരണക്രമത്തെ കണക്കിലെടുക്കുന്നില്ല.  വെൽഫയർ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നത് ഒരു  മറയാണ്. ആ മറയാണ് ജമ്മു കശ്മീരിൽ കണ്ടത്. ജമ്മു കശ്മീരിൽ ഇതുവരെ തിരഞ്ഞെടുപ്പിനെ ശക്തമായി എതിർത്തു പോവുകയായിരുന്നു ജമാഅത്തെ ഇസ്‌ലാമി. കടുത്ത വർഗീയ നിലപാടുകൾ സ്വീകരിച്ചു പോവുകയായിരുന്നു. ഇപ്പോൾ അവർ ബിജെപിക്കു വേണ്ടിയാണ് നിലകൊണ്ടത്. 

അവിടെ മൂന്നു നാലു സീറ്റിൽ ഇത്തവണ മത്സരിക്കാൻ അവർ തീരുമാനിച്ചു. അവസാനം സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മത്സരിക്കുന്ന സീറ്റിൽ കേന്ദ്രീകരിച്ചു. ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്‌ലാമിക്കാർ മുഴുവനും അവിടെ കേന്ദ്രീകരിച്ചു. ഉദ്ദേശ്യം തരിഗാമിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു. ബിജെപിയും ആഗ്രഹിച്ചത് അതാണ്. അവിടെയുള്ള തീവ്രവാദികളും ബിജെപിയും ഒരേ കാര്യം ആഗ്രഹിച്ചു.

പക്ഷേ, തരിഗാമിയെത്തന്നെ ജനങ്ങൾ തിരഞ്ഞെടുത്തു. അവിടത്തെ ജമാഅത്തെ ഇസ്‌ലാമിയും തങ്ങളും രണ്ടാണേ എന്ന് ഇവിടത്തെ ജമാഅത്തെ ഇസ്‌ലാമിക്കാർ പറയുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിക്ക് ഒരു നയമേയുള്ളൂ. ഒരു തരത്തിലുള്ള ജനാധിപത്യ ഭരണക്രമത്തേയും അവർ അംഗീകരിക്കുന്നില്ല. അതാണ് അവരുടെ ആശയം. അവർക്കിപ്പോൾ യുഡി എഫിനെ സഹായിക്കണമെന്ന് തോന്നുന്നു’’ – മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

‘‘മതനിരപേക്ഷതയുടെ ഭാഗത്ത് നിൽക്കുന്നവർക്ക് എല്ലാത്തരം വർഗീയതകളെയും അടിയുറച്ച് എതിർക്കാൻ കഴിയണ്ടേ? കോൺഗ്രസിനു അതിനു കഴിയുന്നുണ്ടോ? മുസ്ലിം ലീഗ് അടക്കമുള്ളവർ ചില ത്യാഗങ്ങൾ സഹിച്ചാണ് കോൺഗ്രസ് -ജമാ അത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനോടൊപ്പം നിൽക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ട എന്ന് പറയാൻ കോൺഗ്രസിനു സാധിക്കുമോ? കോൺഗ്രസിന്റെ ഉത്തരവാദപ്പെട്ടവർക്ക് ആ ആർജവം എന്തെന്ന് മനസിലാക്കണമെങ്കിൽ ഒരു ഘട്ടത്തിൽ സഖാവ് ഇഎംഎസ് പരസ്യമായി പ്രഖ്യാപിച്ച കാര്യം ഓർക്കണം. തലശേരിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇഎംഎസ് പരസ്യമായി പറഞ്ഞു ഞങ്ങൾക്ക് ആർഎസ്എസിന്റെ വോട്ട് വേണ്ട! കോൺഗ്രസ്സിന് അത്തരം ഒരു നിലപാട് എടുക്കാൻ കഴിയുമോ?’’ – മുഖ്യമന്ത്രി ചോദിച്ചു.

English Summary:

Wayanad By-election: Chief Minister Pinarayi Vijayan Questions Congress's Secular Credentials Over Jamaat-e-Islami Tie-Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com