‘ദുരിതബാധിതർക്കു പുഴുവരിച്ച ഭക്ഷ്യധാന്യങ്ങൾ’: മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച്, സംഘർഷം
Mail This Article
മേപ്പാടി∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയുൾപ്പെടെയുള്ള സാധനങ്ങളെന്ന് പരാതി. മേപ്പാടി പഞ്ചായത്തിൽനിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളുണ്ടെന്ന പരാതി ഉയർന്നത്. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. വിതരണം ചെയ്ത വസ്ത്രങ്ങൾ ഉപയോഗിച്ചതും മുഷിഞ്ഞതുമാണെന്നും പരാതിയുണ്ട്. മൂന്ന് കുടുംബങ്ങൾക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് പുഴുവരിച്ച സാധനങ്ങൾ കണ്ടെത്തിയത്.
ഭക്ഷ്യസാധനങ്ങളുമായി രാവിലെ പത്തരയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചത്. സാധനങ്ങൾ പഞ്ചായത്ത് ഓഫിസിന് മുന്നിലിട്ട് പ്രതിഷേധിച്ചു. പതിനൊന്നുമണിയോടെ പഞ്ചായത്ത് അംഗങ്ങൾ ബോർഡ് യോഗം ചേരാൻ ഓഫിസിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുവിന്റെ ഓഫിസിൽ യോഗം തുടങ്ങിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ തള്ളിക്കയറി മേശയും കസേരയും തട്ടിമറിച്ചിട്ടു. പഞ്ചായത്ത് പ്രതിനിധികളും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുടെ വക്കിലെത്തി. പൊലീസ് ഇടപെട്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ഓഫിസിൽനിന്ന് നീക്കുകയായിരുന്നു. മോശം സാധനങ്ങൾ വിതരണം ചെയ്തത് റവന്യൂ ഉദ്യോഗസ്ഥരുെട വീഴ്ചയാണെന്ന് ജൂനിയർ സൂപ്രണ്ട് എത്തി വിശദീകരിച്ചെങ്കിലും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം നിർത്തിയില്ല. തുടർന്ന് പുഴുവരിച്ച അരി ലഭിച്ചവരോട് പഞ്ചായത്ത് അധികൃതർ ക്ഷമാപണം നടത്തിയതോടെ ഡിവൈഎഫ്ഐ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെ മുസ്‌ലിം ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലെത്തിയത് പൊലീസ് തടഞ്ഞതോടെ കൂടുതൽ സംഘർഷമുണ്ടായി. പിന്നാലെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനെ ഉൾപ്പെട പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടായി. ജില്ലാ ഭരണകൂടം, സിവിൽ സപ്ലൈസ്, സ്പോൺസർമാർ എന്നിവർ ചേർന്നാണ് കിറ്റ് നൽകുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്. നൂറിലധികം പേർ പഞ്ചായത്തിൽനിന്ന് സാധനങ്ങൾ വാങ്ങുന്നുണ്ട്.
എന്നാൽ കലക്ടറേറ്റിൽ കെട്ടിക്കിടന്ന സാധനങ്ങളാണ് പഞ്ചായത്തിലെത്തിച്ച് വിതരണം ചെയ്തതെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം. ഉദ്യോഗസ്ഥരാണ് വിതരണം നടത്തിയത്. തിരഞ്ഞെടുപ്പായതിനാൽ പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നും അധികൃതർ പറഞ്ഞു. യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.