നിയമപോരാട്ടം തുടരുമെന്ന് നവീന്റെ ഭാര്യ; ചാരത്തിനിടയ്ക്ക് കനൽക്കട്ട പോലെ സത്യമുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ
Mail This Article
കണ്ണൂർ∙ നിയമ പോരാട്ടം തുടരുമെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പി.പി. ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് മഞ്ജുഷയുടെ പ്രതികരണം. ജാമ്യം കിട്ടില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അഭിഭാഷകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മഞ്ജുഷ പറഞ്ഞു.
ജാമ്യം കിട്ടിയതിൽ സന്തോഷമെന്ന് ദിവ്യയുടെ അഭിഭാഷകൻ വിശ്വൻ പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടായിരുന്നു. വസ്തുതുകൾ പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതീക്ഷിച്ച വിജയം തന്നെയാണുണ്ടായത്. ചാരത്തിനിടയ്ക്ക് കനൽകട്ട പോലെ സത്യമുണ്ട്. നിരവധി കാര്യങ്ങൾ കോടതിയെ ധരിപ്പിക്കാനുണ്ട്. നിലവിലുള്ള ശാസ്ത്രീയ തെളിവുകൾ അടക്കം സഹായിക്കും. സത്യത്തെ മറച്ചുവയ്ക്കാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായി പലതും പുറത്തുവരാനുണ്ട്. വിധി ദിവ്യയ്ക്ക് ആശ്വാസകരമാണ്. ഇന്ന് തന്നെ അവരെ ജയിൽ മോചിതയാക്കാനുള്ള ശ്രമമമാണ് നടത്തുന്നത്. സുപ്രധാന തെളിവുകൾ ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ട്. ദിവ്യ ജയിൽ മോചിതയാകുന്നതോടെ നിയമപോരാട്ടത്തിനു പുതിയ മുഖം വരുമെന്നും വിശ്വൻ പറഞ്ഞു.
ജാമ്യം അനുവദിച്ചുവെന്ന് മാത്രമേ അറിയൂവെന്നും വിധി പകർപ്പ് ലഭിച്ചിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക സജിത പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ടു ദിവസത്തിനകം പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.