ADVERTISEMENT

വാഷിങ്ടൻ∙ ജനുവരി 20ന് അമേരിക്കയിൽ സമാധാനപൂർണമായ അധികാര കൈമാറ്റം നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിനെ അഭിനന്ദനങ്ങൾ അറിയിച്ചുവെന്നും  സമാധാനപൂർണവും കാര്യക്ഷമവുമായ ഒരു അധികാര കൈമാറ്റം ഉറപ്പാക്കാൻ മുഴുവൻ ഭരണകൂടത്തോടും നിർദേശിക്കുമെന്ന് ട്രംപിന് ഉറപ്പുനൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. 

‘‘ജനങ്ങൾ അവരുടെ കടമ നിർവഹിച്ചു കഴിഞ്ഞു. പ്രസിഡന്റായ ഞാൻ എന്റെ കടമ നിർവഹിക്കും. സത്യപ്രതിജ്ഞ നിറവേറ്റും ഭരണഘടനയെ ബഹുമാനിക്കും. 2025, ജനുവരി 20ന് അമേരിക്കയിൽ സമാധാനപൂർണമായ അധികാര കൈമാറ്റം നടക്കും. ജനങ്ങൾ വോട്ട് ചെയ്തു, അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുത്തു, സമാധാനപരമായി ആ പ്രക്രിയ പൂർത്തിയാക്കി. ജനാധിപത്യത്തിൽ, ജനഹിതം എപ്പോഴും വിജയിക്കും.’’ ബൈഡൻ പറഞ്ഞു. ‘‘ചിലർക്ക് ഇത് വിജയത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്, മറ്റുള്ളവർക്ക് ഇത് നഷ്ടത്തിന്റെയും നിരാശയുടെയും സമയമായിരിക്കാം. പ്രചാരണങ്ങൾ കാഴ്ചപ്പാടുകൾ തമ്മിലുള്ള മത്സരമാണ്. രാജ്യം ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നു. രാജ്യം എടുത്ത തീരുമാനം നമ്മളെല്ലാം അംഗീകരിക്കണം.’’ 

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘പ്രചോദനാത്മക പ്രചാരണമാണ് കമല നടത്തിയത്. അവർ മികച്ച പൊതുസേവകയായിരുന്നു. ഞാൻ വളരെ ബഹുമാനിക്കുന്ന അവരുടെ വ്യക്തിത്വത്തെ എല്ലാവർക്കും കാണാൻ സാധിച്ചു. അവർ ആത്മാർഥമായി പരിശ്രമിച്ചു. അവരുടെയും സംഘത്തിന്റെയും പ്രചാരണത്തിൽ അഭിമാനിക്കേണ്ടതുണ്ട്.’’ കമലയെ അഭിനന്ദിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു.  

തനിക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. ‘‘ഞാൻ എത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ദൈവത്തിനറിയാം. എല്ലാവർക്കും നന്ദി. കഴിഞ്ഞ നാല് വർഷം നിങ്ങൾ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ സമയമാണെന്ന് എനിക്കറിയാം, നിങ്ങൾ വേദനിക്കുന്നുണ്ട്. ഞാൻ നിങ്ങളെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.  നമ്മുടെ നേട്ടങ്ങൾ വിസ്മരിക്കരുത്. ചരിത്രപരമായ പ്രസിഡന്റ് കാലയളവായിരുന്നു അത്. ഞാൻ പ്രസിഡന്റായതുകൊണ്ടല്ല മറിച്ച് നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതുകൊണ്ടാണ്. 

എല്ലാ അമേരിക്കക്കാർക്കും വേണ്ടിയുള്ള ഭരണകാലയളവായിരുന്നു.’’ ബൈഡൻ പറഞ്ഞു. 

English Summary:

Biden Pledges Peaceful Transfer of Power, Upholding American Democracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com