‘വഖഫ് നിയമഭേദഗതിയെ എന്തിന് എതിർക്കുന്നു? സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പ്’: ജാവഡേക്കർ
Mail This Article
താമരശേരി∙ വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ എംപി. മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണെന്നു മുഖ്യമന്ത്രി പറയുമ്പോൾ എന്തിനാണ് വഖഫ് നിയമഭേദഗതിയെ സർക്കാർ എതിർക്കുന്നതെന്നു വ്യക്തമാക്കണമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു. നിയമസഭയിൽ ഒരു നിലപാടും ജനങ്ങൾക്കു മുന്നിൽ മറ്റൊരു നിലപാടുമാണു സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. താമരശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എ വിഷയത്തിൽ കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാർ സഭാ വക്താവ് ഡോ. ചാക്കോ കാളാംപറമ്പിൽ പ്രകാശ് ജാവഡേക്കറിന് നിവേദനം നൽകി. വിജ്ഞാപനം പുറത്തിറക്കി ആവശ്യത്തിലേറെ സമയം നൽകിയിട്ടും സംസ്ഥാന സർക്കാർ ഭേദഗതി നിർദേശങ്ങൾ നൽകാതെ അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരിൽ കുടിയിറക്കു ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ, ഇഎസ്എ, ഇഎഫ്എൽ വിഷയങ്ങളിൽ കേന്ദ്ര കരട് വിജ്ഞാപനത്തിൽ ഇടപെടുന്നതിൽ കാലതാമസം വരുത്തിയ സംസ്ഥാന സർക്കാരിന്റെ സമീപനം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി.