‘ധീരനായ ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ തയാർ’; ട്രംപിനെ അഭിനന്ദിച്ച് പുട്ടിൻ
Mail This Article
മോസ്കോ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ധീരനായ ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിൻ. ‘‘ട്രംപിനെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ തങ്ങൾ ആരാണെന്ന് ആളുകൾ തെളിയിക്കുന്നു. ഇവിടെയാണ് ഒരു വ്യക്തി സ്വയം വെളിപ്പെടുന്നത്. എന്റെ അഭിപ്രായത്തിൽ, വളരെ ശരിയായ രീതിയിൽ, ധൈര്യത്തോടെ ട്രംപ് സ്വയം അത് കാണിച്ചു.’’ – പുട്ടിൻ പറഞ്ഞു. റഷ്യയുടെ തെക്കൻ നഗരമായ സോചിയിലെ വാൽഡായി ഫോറത്തിലായിരുന്നു പുട്ടിന്റെ പ്രതികരണം.
അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് ഏറ്റവും മികച്ച സ്ഥാനാർഥി ആരാണെന്ന് ചോദിച്ചപ്പോൾ, ജോ ബൈഡനെയും തുടർന്ന് കമല ഹാരിസിനെയും വൈറ്റ് ഹൗസിൽ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പുട്ടിൻ പരസ്യമായി പറഞ്ഞിരുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റനെതിരായ ട്രംപിന്റെ പ്രചരണത്തിൽ റഷ്യ ഇടപെട്ടുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു.