ADVERTISEMENT

മലപ്പുറം∙ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി.ബി.ചാലിബിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. കാണാതായ പി.ബി. ചാലിബ് രാവിലെ വീട്ടുകാരെ ഫോണില്‍ വിളിച്ചു. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയോടു പറഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ടവര്‍ ലൊക്കേഷന്‍ എന്നാണ് സൂചന. ഒറ്റയ്ക്കാണ് ഉള്ളതെന്നു ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. 

ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിൽ‌ അന്വേഷണം നടക്കുന്നതിനിടെയാണ്, ചാലിബ് വീട്ടിലേക്ക് വിളിച്ചത്. കാണാതായതിനു ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്.

ബുധനാഴ്ച വൈകിട്ട് ഓഫിസിൽ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. 8 മണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്ൈസസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണിൽ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു. 

കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകി. ഇതിനിടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. ഇന്നു രാവിലെ 6.55ന് ഫോൺ വീണ്ടും ഓണായെങ്കിലും വൈകാതെ വീണ്ടും ഓഫായി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിച്ചത്. ചാലിബ് പറഞ്ഞതുപോലെ തലേദിവസം രാത്രി പൊലീസും എക്‌സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞിരുന്നു.

English Summary:

Missing Tirur Deputy Tehsildar P.B. Chalil Contacts Family, Cites Mental Stress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com