ADVERTISEMENT

പാലക്കാട്  ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച കള്ളപ്പണ വിവാദം, സന്ദീപ് വാരിയർ ബിജെപി വിട്ട് ഇടതുപാളയത്തിലേക്ക് ചേക്കേറിയേക്കുമെന്ന സൂചനകൾ, നവീൻ ബാബു ആത്മഹത്യ കേസിൽ പിപി ദിവ്യയ്ക്ക് ജാമ്യം തുടങ്ങിയ നിരവധി പ്രധാന സംഭവങ്ങളാണ് ഇന്ന് കേരളം ശ്രദ്ധിച്ചത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ  ലോകനേതാക്കൾ ഡോണൾഡ് ട്രംപിന് അഭിനന്ദനം അറിയിച്ചതുൾപ്പെടെയുള്ള സംഭവ വികാസങ്ങളും ഇന്ന് വാർത്തയിൽ നിറഞ്ഞു. 

പാലക്കാട്ട് കോൺഗ്രസ് നേതാക്കളുടെ മുറികളിൽ കള്ളപ്പണത്തിന്റെ പേരിൽ നടന്ന റെയ്ഡിനു പിറകിൽ ഷാഫി പറമ്പിലാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. എന്നാൽ കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചാരണ വിഷയമെന്നാണ് സിപിഎം സംസ്ഥാന സമിതിയംഗം എൻഎൻ കൃഷ്ണദാസ് അഭിപ്രായപ്പെട്ടത്. പ്രചാരണം പെട്ടിയിലേക്ക് മാത്രമായി ഒതുക്കുന്നത് കോൺഗ്രസിന്റെ കെണിയാണെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെ കൃഷ്ണദാസിനെ പിന്തുണച്ച് എംവി ഗോവിന്ദൻ രംഗത്തെത്തി. പ്രചാരണ വിഷയം പെട്ടിയിൽ മാത്രം ഒതുക്കേണ്ട, എല്ലാ വിഷയങ്ങളെയും നേരിടണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ രാഷ്ട്രീയ നാടകങ്ങൾ ഭരണവിരുദ്ധ വികാരങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണെന്ന് ചൂണ്ടിക്കാണിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി. 

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും വ്യക്തമാക്കി പിപി ദിവ്യ രംഗത്തെത്തി. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായി അന്വേഷണം നടക്കണമെന്നും ജയിൽമോചിതയായ ശേഷം ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. 

ബിജെപിയുമായി അകന്ന സന്ദീപ് വാരിയർ സിപിഐയിലേക്ക് പോകുമെന്നും പ്രാദേശിക നേതാക്കളെ കണ്ടെന്നും വാർത്തകൾ പുറത്തുവന്നു. എന്നാൽ സിപിഐയിലെ ഒരു നേതാവുമായും സംസാരിച്ചിട്ടില്ലെന്ന് സന്ദീപ് വാരിയർ വ്യക്തമാക്കി. 

മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിങ് നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് മറ്റൊരു പ്രധാന വാർത്ത. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, ഡിജിപി എസ്.ദർവേശ് സാഹിബിനു റിപ്പോര്‍ട്ട് നല്‍കി. രണ്ട് പരിശോധനാ ഫലങ്ങള്‍ ചേര്‍ത്താണ് വസ്തുതാ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കെ.ഗോപാലകൃഷ്ണന്റെ രണ്ടു ഫോണുകളും പരിശോധിച്ച ഫൊറന്‍സിക് ലാബ് അധികൃതരാണ് റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്. 

‌യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിനെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിൻ അഭിനന്ദിച്ചു. ‘‘ട്രംപിനെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ തങ്ങൾ ആരാണെന്ന് ആളുകൾ തെളിയിക്കുന്നു. ഇവിടെയാണ് ഒരു വ്യക്തി സ്വയം വെളിപ്പെടുന്നത്. എന്റെ അഭിപ്രായത്തിൽ, വളരെ ശരിയായ രീതിയിൽ, ധൈര്യത്തോടെ ട്രംപ് സ്വയം അത് കാണിച്ചു.’’ – പുട്ടിൻ പറഞ്ഞു. റഷ്യയുടെ തെക്കൻ നഗരമായ സോചിയിലെ വാൽഡായി ഫോറത്തിലായിരുന്നു പുട്ടിന്റെ പ്രതികരണം. 

English Summary:

Today's recap 08 November 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com