‘ഞാനും മുറിക്കുള്ളിലിരുന്നു കരഞ്ഞു; സ്വയം പോരാടി ആ പ്രതിസന്ധിഘട്ടത്തെ മറികടന്നു’
Mail This Article
ബത്തേരി∙ നമുക്കുവേണ്ടി മാത്രമല്ല, സമൂഹത്തിലെ അനീതികൾക്കെതിരെയും പോരാടാൻ തയാറാകണമെന്ന് ഒളിംപ്യനും ഹരിയാനയിലെ എംഎൽഎയുമായ വിനേഷ് ഫോഗട്ട്. ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ. പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് വിനേഷ് ഫോഗട്ട് വയനാട്ടിലെത്തിയത്.
‘‘ഒളിംപിക്സിൽ അയോഗ്യയാക്കപ്പെട്ടപ്പോൾ ഞാനും സാധാരണ മനുഷ്യരെപ്പോലെ മുറിക്കുള്ളിലിരുന്നു കരഞ്ഞിട്ടുണ്ട്. എന്നാൽ എന്നോടു തന്നെ പോരാടിയാണ് ആ പ്രതിസന്ധിഘട്ടത്തെ മറികടന്നത്. സ്ത്രീകൾ ഉൾപ്പെടെ പരസ്പരം പിന്തുണച്ചുകൊണ്ടു നിലപാടെടുക്കുമ്പോൾ വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതിനെ നമ്മൾ സ്വയം മറികടക്കുകയും വാശിയോടെ പൊരുതുകയും വേണം’’ – ഗുസ്തി താരങ്ങൾക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷനെതിരായ പ്രതിഷേധ സമരത്തെ പരാമർശിച്ച് വിനേഷ് ഫോഗട്ട് പറഞ്ഞു.