സന്ദീപ് വാര്യർ സിപിഐയിലേക്ക്? 20നു മുന്നേ ബിജെപി വിടുമോയെന്ന ആകാംക്ഷയിൽ സിപിഎം
Mail This Article
കോട്ടയം∙ സിപിഎമ്മിലേക്ക് എന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന് വിവരം. സിപിഐയുടെ മണ്ണാർക്കാട്ടെ പ്രാദേശിക നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പു ലഭിച്ചതായുമാണു വിവരം. എന്നാൽ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാർട്ടിയുടെ അഭ്യുദയകാംക്ഷികൾ സന്ദീപുമായി സംസാരിച്ചിട്ടുണ്ടെന്നും സിപിഐ വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു സ്ഥിരീകരിച്ചു. പദവി കൊടുത്തു ആരെയും സ്വീകരിക്കുന്ന രീതി സിപിഐയ്ക്കില്ലെന്നാണു നേതാക്കൾ പറയുന്നത്. വാർത്ത തള്ളി സന്ദീപ് വാര്യരും രംഗത്തെത്തി.
സിപിഐയിലെ ഒരു നേതാക്കളുമായും താൻ സംസാരിച്ചിട്ടില്ലെന്ന് സന്ദീപ് വാര്യർ മനോരമ ഓൺലൈനോട് പറഞ്ഞു. മണ്ണാർക്കാട് പ്രാദേശിക നേതൃത്വത്തിലെ ആരെയും പരിചയമില്ല. സിപിഐയിൽ ആകെ അറിയാവുന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മാത്രമാണ്. നാലു മാസം മുൻപ് നടത്തിയ ട്രെയിൻ യാത്രയിൽ ഭാരതീയ ദർശനത്തെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചിരുന്നു. തൃശൂർക്കാരനായതിനാൽ മന്ത്രി രാജൻ്റെയും വി.എസ്. സുനിൽകുമാറിൻ്റെയും പക്കൽ തൻ്റെ നമ്പർ കാണും. പക്ഷേ അവരാരുമായും സംസാരിച്ചിട്ടില്ല. താൻ ഇപ്പോഴും ബിജെപിക്കാരനാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഒറ്റപ്പാലത്തോടു ചേർന്നു കിടക്കുന്ന മണ്ഡലമെന്ന നിലയിൽ സന്ദീപിന് മണ്ണാർക്കാടിനോടു താൽപര്യമുണ്ടെന്നാണ് സിപിഐ നേതാക്കൾ നൽകുന്ന വിവരം. 2006ൽ ജോസ് ബേബി മത്സരിച്ചു വിജയിച്ച ശേഷം ലീഗിനോട് സിപിഐ സ്ഥിരം തോൽക്കുന്ന മണ്ഡലമാണ് മണ്ണാർക്കാട്. എൻ.ഷംസുദ്ദിനാണു നിലവിലെ എംഎൽഎ. സിപിഎമ്മുമായി സന്ദീപ് ചർച്ച നടത്തിയെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ദേഹത്തെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരുന്നു.
20ന് മുൻപ് ബിജെപി വിടുമോ?
20ന് പാലക്കാട് ഉപതിരഞ്ഞെടുപ്പു നടക്കും മുൻപ് സന്ദീപ് വാര്യർ ബിജെപി വിട്ടില്ലെങ്കിൽ രാഷ്ട്രീയ നേട്ടമില്ലെന്നാണു സന്ദീപിനെ കാത്തിരിക്കുന്ന സിപിഎം നിലപാട്. സിപിഎം– സിപിഐ നേതാക്കളുമായി സന്ദീപ് ആശയവിനിമയം നടത്തിയെന്ന വിവരം ബിജെപി നേതാക്കൾക്കുണ്ട്. സരിന്റെ വഴിയെ സന്ദീപും എത്തട്ടെ എന്നാണ് സിപിഎം നിലപാട്. ബിജെപി വിടുമെന്ന് സന്ദീപ് അറിയിച്ചാൽ സ്വീകരിക്കാനാണ് തീരുമാനം.
അരികെയല്ല അകലെ
പാർട്ടിയുമായി മാനസികമായി അകന്ന സന്ദീപ് വാര്യർ ഇനി തിരിച്ചുവരാൻ സാധ്യത കുറവാണെന്ന നിഗമനത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ആർഎസ്എസ് നേതാവ് ജയകുമാറിന്റെ അനുനയവും ഫലം കണ്ടില്ലെന്നാണു നിഗമനം. പ്രശ്നങ്ങൾ പിന്നീടു ചർച്ച ചെയ്യാം, പാർട്ടിയിൽ സജീവമാകാൻ സന്ദീപിനോട് ആവശ്യപ്പെട്ട സുരേന്ദ്രൻ ഇപ്പോൾ പിന്നോട്ടു വലിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നത്. സന്ദീപ് അച്ചടക്കലംഘനത്തിന്റെ പരിധി വിടുന്നുവെന്നു തന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സന്ദീപിനെതിരായ നടപടി എപ്പോൾ എന്നതിലാണു തീരുമാനം വരേണ്ടത്.
വരും ദിവസങ്ങളിൽ നേതൃത്വത്തിനെതിരെ കൂടുതൽ ആഞ്ഞടിക്കാനാകും സന്ദീപിന്റെ നീക്കം. തിരഞ്ഞെടുപ്പു കഴിയും വരെ പരമാവധി കാത്തിരിക്കാനാണ് ബിജെപിയുടെ തീരുമാനം. തിരഞ്ഞെടുപ്പിനു മുൻപ് നടപടി സ്വീകരിക്കുന്നത് പാർട്ടിക്കു ക്ഷീണമാകുമെന്നു മുന്നിൽ കണ്ടാണു നേതൃത്വം പരമാവധി സംയമനം പാലിക്കുന്നത്.