‘കാനഡയിൽ ഖലിസ്ഥാൻ വാദികളുണ്ട്’: ആദ്യമായി തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
Mail This Article
ഒട്ടാവ∙ ഇന്ത്യ– കാനഡ നയതന്ത്ര സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് ഖലിസ്ഥാൻ തീവ്രവാദികളുണ്ടെന്ന് തുറന്നു സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആദ്യമായാണ് ട്രൂഡോ ഖലിസ്ഥാൻ സാന്നിധ്യം അംഗീകരിക്കുന്നത്. ഒട്ടാവയിലെ പാർലമെന്റ് ഹില്ലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് ട്രൂഡോയുടെ പരാമർശം.
‘‘കാനഡയിൽ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ സിഖ് സമൂഹം പൂർണമായും അങ്ങനെയല്ല. മോദി സർക്കാരിനെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്. എന്നാൽ കനേഡിയൻ ഹിന്ദുക്കൾ മുഴുവൻ അങ്ങനെയല്ല.’’–ട്രൂഡോ പറഞ്ഞു.
2023ൽ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽവച്ച് കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. കാനഡയിലെ ക്ഷേത്രങ്ങൾക്കുനേരെയും ആക്രമണങ്ങളുണ്ടായി.