‘ആത്മാർഥതയില്ല’: ഇസ്രയേൽ–ഹമാസ് ചർച്ചയുടെ മധ്യസ്ഥതയിൽനിന്ന് പിന്മാറി ഖത്തർ
Mail This Article
ദുബായ്∙ ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ, ബന്ദിമോചന ചർച്ച എന്നിവയുടെ മധ്യസ്ഥസ്ഥാനത്തുനിന്ന് ഖത്തർ പിന്മാറിയെന്ന് റിപ്പോർട്ട്. ദോഹയിലുള്ള ഹമാസിന്റെ ഓഫിസ് ഇനി പ്രവർത്തിക്കില്ലെന്നും ഹമാസിനെ ഖത്തർ അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും ആത്മാർഥമായല്ല ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
‘‘ആത്മാർഥതയോടെ ചർച്ചയിൽ പങ്കെടുക്കാൻ രണ്ടുപക്ഷവും തയാറാകാത്തിടത്തോളം മധ്യസ്ഥ ചർച്ചയിൽ തുടരാനാവില്ലെന്ന് ഇസ്രയേലിനെയും ഹമാസിനെയും ഖത്തർ അറിയിച്ചിട്ടുണ്ട്.’’– ഖത്തർ നയതന്ത്ര വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
തൽഫലമായി ദോഹയിലെ ഹമാസ് ഓഫിസ് ഇക്കാര്യത്തിനു വേണ്ടി പ്രവർത്തിക്കില്ല. യുഎസിനെയും പിന്മാറ്റ വിവരം ഖത്തർ അറിയിച്ചിട്ടുണ്ട്. ബന്ദിമോചനത്തിനും വെടിനിർത്തലിനുമായി യുഎസ്, ഈജിപ്ത് എന്നിവർക്കൊപ്പം ഖത്തറും മാസങ്ങളായി മധ്യസ്ഥ ചർച്ച നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.