കാനഡയിലെ ക്ഷേത്രത്തിലുണ്ടായ ഖലിസ്ഥാൻ ആക്രമണം: ഒരാളെക്കൂടി അറസ്റ്റ് ചെയ്തു
Mail This Article
ഒട്ടാവ∙ ബ്രാംപ്ടനിലെ ഹിന്ദു ക്ഷേത്രത്തിനുനേർക്കുണ്ടായ ആക്രമണത്തിൽ ഖലിസ്ഥാൻ അനുകൂലി ഇന്ദർജീത് ഗോസാലിനെ(35) അറസ്റ്റ് ചെയ്തു. ബ്രാംപ്ടൻ സ്വദേശിയാണ് ഇന്ദർജീത്തെന്ന് പീൽ റീജിയനൽ പൊലീസ് (പിആർപി) അറിയിച്ചു. ഇയാളെ പിന്നീട് ഉപാധികളോടെ വിട്ടയച്ചുവെങ്കിലും അടുത്തദിവസം ബ്രാംപ്ടനിലെ ഒന്റാറിയോ കോടതിയിൽ ഹാജരാകണമെന്നു നിർദേശിച്ചിട്ടുണ്ട്. നവംബർ എട്ടിനാണ് ഇന്ദർജീത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെക്കൂടാതെ മൂന്നുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചാണ് ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായത്. ക്ഷേത്ര പരിസരത്ത് അതിക്രമിച്ചു കയറിയാണ് ഖലിസ്ഥാൻവാദികൾ ആക്രമണം നടത്തിയത്. ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിനു പ്രകോപനമുണ്ടാക്കുന്ന തരത്തിൽ സംസാരിച്ചതിനു ക്ഷേത്ര പൂജാരി രാജേന്ദ്ര പ്രസാദിനെ ക്ഷേത്രം അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.
ആക്രമണത്തിൽ കാനഡ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ മതാചാരങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു കാനഡയുടെ പ്രതികരണം.