വാഹനറാലി, വഴി തടയൽ, കേക്ക് മുറിക്കൽ; റോഡിലെ പിറന്നാൾ ആഘോഷത്തിൽ അറസ്റ്റ്
Mail This Article
പത്തനംതിട്ട : വാഹനഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടു സൃഷ്ടിച്ചും വാഹനറാലി നടത്തി പൊതുനിരത്തിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച യുവാക്കൾക്കെതിരെ കേസ്. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാർ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്സ് ജംക്‌ഷനിൽ നടന്ന റാലിയിൽ ഇരുപതോളം കാറുകൾ അണിനരന്നു. അൻപതോളം യുവാക്കളാണ് ആഘോഷത്തിൽ പങ്കെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി ഷിയാസിനെ അറസ്റ്റുചെയ്തു.
രാത്രി 9.15 നാണ് യുവാക്കളുടെ സംഘം പിറന്നാളാഘോഷം സംഘടിപ്പിച്ചത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് ഒന്നാംപ്രതി വെട്ടിപ്പുറം പുവൻപാറ ഓലികൂടെക്കൽ ഷിയാസ് അറസ്റ്റിലായത്. എസ്ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അജിൻ, ശ്യാം തുടങ്ങി ബാക്കിയുള്ള ഇരുപതോളം പ്രതികൾക്കായി അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.
കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലയിൽ മൂന്നാം തവണയാണ് പൊതുനിരത്തിൽ ഡിവൈഎഫ്ഐയുടെ പേരിൽ പിറന്നാൾ ആഘോഷം നടത്തുന്നത്. നേരത്തേ മലയാലപ്പുഴയിൽ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. അടൂരിലെ പറക്കോട് ഡിവൈഎഫ്ഐയുടെ പ്രാദേശിക ഭാരവാഹിയുടെ ജന്മദിനം ലഹരിക്കേസിലെ പ്രതികളോടൊപ്പം ആഘോഷിച്ചതും വിവാദമായി. അടൂരിലെ സംഭവം പാർട്ടി അന്വേഷിച്ചുവരികയാണ്.