ADVERTISEMENT

മുംബൈ∙ കാർഷിക പ്രശ്നങ്ങൾ രൂക്ഷമായ, കർഷക ആത്മഹത്യകൾ സജീവ ചർച്ചയായ മേഖലയാണ് വിദർഭ. പരുത്തി, സോയാബീൻ കൃഷികൾക്കു പേരുകേട്ടയിടം. പതിറ്റാണ്ടുകളായി കാർഷിക പ്രതിസന്ധി തന്നെയാണ് ഇവിടത്തെ പ്രധാന തിരഞ്ഞെടുപ്പു വിഷയം. മാറിവന്ന സർക്കാരുകൾക്കു വിദർഭയുടെ കണ്ണീരൊപ്പാനായിട്ടില്ലെന്നു ചുരുക്കം.

ഈ വർഷം ജനുവരി – ജൂൺ കാലയളവിൽ മാത്രം വിദർഭയിലെ 11 ജില്ലകളിലായി 687 കർഷകരാണ് ആത്മഹത്യ ചെയ്തത്. 12 വർഷം ഗാന്ധിജി താമസിച്ച സേവാഗ്രാമുള്ള വാർധ സ്ഥിതി ചെയ്യുന്ന പ്രദേശം. 1956ൽ ദലിതർ‍ അടക്കം ആയിരക്കണക്കിന് അനുയായികളോടൊപ്പം ബി.ആർ.അംബേദ്കർ ബുദ്ധമതം സ്വീകരിച്ച പ്രദേശം... പ്രത്യേകതകൾ ഒട്ടേറെ. കർഷകരും ദലിതരും ഒബിസി വിഭാഗക്കാരുമടക്കം പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് നിർണായകമാകുന്ന മേഖലയാണ് വിദർഭ. ആകെയുള്ള 62 സീറ്റിലെ വിജയം ഇരുമുന്നണികളെ സംബന്ധിച്ചും അതിപ്രധാനം.

കോൺഗ്രസ്–ബിജെപി പോര്

പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിന്ന മേഖലയാണിത്. എന്നാൽ 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിത്രം പൂർണമായും മാറി. 44 സീറ്റിൽ വിജയിച്ച് ബിജെപി മേഖല തൂത്തുവാരി. കോൺഗ്രസ് 10ൽ ഒതുങ്ങി. 2019ൽ ബിജെപിയുടെ സീറ്റുകൾ 29 ആയി താഴ്ന്നെങ്കിലും കോൺഗ്രസിന് 15 സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാൽ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിത്രം വീണ്ടും കോൺഗ്രസിന് അനുകൂലമായതായി കാണാം. ആകെയുള്ള 10 ലോക്സഭാ സീറ്റിൽ അഞ്ചിലും കോൺഗ്രസിനായിരുന്നു വിജയം. ഏഴു സീറ്റിലാണ് ഇന്ത്യാസഖ്യം വിജയിച്ചത്. ബിജെപിയുടെ ഭരണഘടനാ വിരുദ്ധ സമീപനം, സംവരണവിരുദ്ധ സമീപനം, ജാതി സെൻസസിനോടുള്ള വിമുഖത, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രചാരണം. ഇത്തവണ കോൺഗ്രസ് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന മേഖലയാണ് വിദർഭ. ബിജെപി കവർന്നെടുത്ത വോട്ടുകൾ തിരിച്ചുപിടിക്കാൻ കഴിയുമെന്നും പഴയ പ്രതാപത്തിലേക്ക് പാർട്ടി എത്തുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന 76 മണ്ഡലങ്ങളിൽ 36 എണ്ണവും ഇവിടെയാണ്.

വിലയില്ലാതെ...

സോയാബീൻ വില 2011–12 കാലത്തെ നിലയിലേക്ക് താഴ്ന്നിരിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിറ്റൊഴിവാക്കേണ്ട അവസ്ഥയിലാണ് കർഷകർ. വർഷം മുഴുവൻ പ്രവർത്തിക്കുന്ന ധാന്യസംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക, ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, ജലസേചന പദ്ധതികളിലൂടെ ചുറ്റുമുള്ള അണക്കെട്ടുകളിലെ ജലം കൃഷിയാവശ്യങ്ങൾക്ക് വിദർഭയിലേക്ക് എത്തിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ഉൽപന്നങ്ങൾക്ക് സബ്സിഡി ഉറപ്പാക്കുക എന്നിവയാണ് ഇവിടത്തുകാരുടെ പ്രധാന ആവശ്യങ്ങൾ.

കർഷകർ കനിയണം

കർഷകരാണ് ഇരുമുന്നണികളുടെയും ഉന്നം. ‘സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ കാരണക്കാർ വിദർഭയിലെ കർഷകരാണ്’ എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ വാർധയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം ഊന്നിപ്പറഞ്ഞിരുന്നു. ഗ്രാമീണ ജനതയെ ലക്ഷ്യംവച്ച് ഒട്ടേറെ പദ്ധതികളാണ് കഴിഞ്ഞ നാലു മാസത്തിനിടയിൽ പാസാക്കിയത്. കൃഷിക്ക് ഉപയോഗിക്കുന്ന മോട്ടർ പമ്പുകളുടെ വൈദ്യുത ബില്ലിൽ ഇളവു നൽകുന്ന പദ്ധതി വിദർഭയിലെ 9.4 ലക്ഷം കർഷകർക്ക് ഉപകാരമാകും. കർഷക ആത്മഹത്യ നടക്കുന്ന കുടുംബങ്ങൾക്കു സഹായധനമായി ഒരു ലക്ഷം രൂപയാണു നൽകുന്നത്. ഇടയ്ക്ക് ഇതു നിർത്താൻ ശ്രമമുണ്ടായെങ്കിലും കർഷകരോഷം മുൻപിൽകണ്ട് തീരുമാനം മാറ്റുകയായിരുന്നു.

ജനക്ഷേമ പദ്ധതികളെല്ലാം വോട്ടായി മാറിയാൽ എൻഡിഎക്ക് നേട്ടമാകും. ഇരുമുന്നണികളും കർഷകരെ ലക്ഷ്യംവച്ച് ഒട്ടേറെ പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ നിർണായകമാകുന്ന മേഖല എന്നതിനാൽ ബി.ആർ.അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമി സന്ദർശിച്ചതിനു ശേഷമാണ് രാഹുൽ ഗാന്ധി സംസ്ഥാനത്തെ പ്രചാരണത്തിന് തുടക്കമിട്ടത്.

ആർഎസ്എസ് സജീവം

ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്നു വ്യത്യസ്തമായി മേഖലയിലെ പ്രചാരണത്തിൽ ആർഎസ്എസിന്റെ സാന്നിധ്യം ബിജെപിക്കു ഗുണം ചെയ്യും. വീടുവീടാന്തരം കയറിയും ചെറിയ പൊതുയോഗങ്ങൾ നടത്തിയും പ്രചാരണത്തിൽ അവർ സജീവമാണ്. ഭാരതീയ ജനത യുവമോർച്ച, ബജ്റങ്‌ദൾ എന്നിവരും രംഗത്തുണ്ട്.

English Summary:

Explore the crucial role of Vidarbha's farmers in the upcoming elections. Amidst agricultural distress and farmer suicides, will their votes sway the balance of power between the Congress and BJP?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com