35 കേസുകളിൽ പ്രതി, വിചാരണയ്ക്ക് ഹാജരായില്ല; ശാന്തിമഠം വില്ല തട്ടിപ്പിൽ മാനേജിങ് പാർട്ണർ അറസ്റ്റിൽ
Mail This Article
ഗുരുവായൂർ ∙ പണം വാങ്ങിയ ശേഷം വില്ല നിർമിച്ചു നൽകാതെ ചതിച്ചുവെന്ന പരാതികളിൽ ശാന്തിമഠം ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷയെ (48) പാലക്കാട് കൊല്ലങ്കോട് നിന്ന് അറസ്റ്റ് ചെയ്തു. 2012 മുതൽ 2018 വരെ ഗുരുവായൂർ പൊലീസിൽ നൂറിലധികം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 35 കേസുകളിൽ രഞ്ജിഷ പ്രതിയായി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
വിചാരണയ്ക്കു ഹാജരാകാത്തതിനാൽ പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടർന്ന് ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.എം.ബിജു, തൃശൂർ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.സുഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മറ്റൊരു പ്രതി രാകേഷ് മനു നേരത്തെ അറസ്റ്റിലായിരുന്നു.
ഗുരുവായൂർ സ്റ്റേഷൻ എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ, എസ്ഐമാരായ ശരത് സോമൻ, കെ.എം.നന്ദൻ, സീനിയർ സിപിഒ ജാൻസി, സിപിഒ റെനീഷ്, തൃശൂർ സിറ്റി സ്‌ക്വാഡിലെ എസ്ഐ റാഫി, എഎസ്ഐ പളനിസാമി, സീനിയർ സിപിഒമാരായ പ്രദീപ് കുമാർ, സജി ചന്ദ്രൻ, സിപിഒമാരായ സിംപ്സൺ, അരുൺ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.