ADVERTISEMENT

പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് കെ.മുരളീധരൻ. ബിജെപി അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. പാലക്കാട്ട് യുഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിന് എത്തിയതായിരുന്നു മുരളീധരൻ. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തില്ലെന്നാണ് മുരളീധരൻ പറഞ്ഞിരുന്നത്. എന്നാൽ പാർട്ടി ആവശ്യപ്പെട്ടതുപ്രകാരമാണ് പ്രചാരണത്തിനെത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

‘‘പാലക്കാട്ട് പ്രചാരണത്തിന് എത്തിയത് പാർട്ടി പറഞ്ഞിട്ടാണ്. പാലക്കാട് വോട്ട് ചോദിക്കുന്നത് ഐക്യജനാധിപത്യ മുന്നണിക്കും കൈപ്പത്തിക്കും വേണ്ടിയാണ്. വ്യക്തികളല്ല പ്രശ്നം. സീറ്റു നിലനിർത്തേണ്ടത് പാർട്ടിക്കും മുന്നണിക്കും ആവശ്യമാണ്. മറ്റു വിഷയങ്ങൾക്ക് തിരഞ്ഞെടുപ്പിൽ പ്രസക്തിയില്ല. ’’ – മുരളീധരൻ പറഞ്ഞു. പാലക്കാട്ടെ പെട്ടി വിവാദത്തെ കുറിച്ചും മുരളീധരൻ സംസാരിച്ചു.

‘‘പെട്ടിയുടെ പിറകേ ഞങ്ങൾ പോയിട്ടില്ല. റെയ്ഡ് നടത്തിയിട്ട് നയാപൈസ കണ്ടെടുക്കാൻ സാധിച്ചില്ല. എന്തടിസ്ഥാനത്തിൽ ആരു പറഞ്ഞിട്ടാണ് റെയ്ഡ് നടത്തിയത്? മാത്രമല്ല, സ്ത്രീകളുടെ മുറിയിൽ വനിതാപൊലീസ് ഇല്ലാതെ എന്തിനുകയറി? ഇതിന് ഉത്തരം പറയേണ്ടത് റെയ്ഡ് നടത്തിയവരാണ്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ചർച്ച ചെയ്യണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പാലക്കാട്ടെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. വയനാട് ദുരന്തത്തിൽ കാൽക്കാശ് പോലും അനുവദിക്കാത്ത കേന്ദ്രനയം ചർച്ച ചെയ്യണം. എന്നാൽ അതെല്ലാം ചർച്ച ചെയ്യുന്നതിന് പകരം നീല പെട്ടിയുടെ പിന്നാലെ പോകാൻ ശ്രമിച്ചത് സിപിഎമ്മാണ്. ഭരണ പരാജയം മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരം ചർച്ചകൾ’’– അദ്ദേഹം പറഞ്ഞു.  

പാലക്കാട്ട് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന ബിജെപി പ്രതീക്ഷയെ കുറിച്ചുളള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബിജെപി ഇത്തവണ മൂന്നാംസ്ഥാനത്താണെന്ന് അദ്ദേഹം മറുപടി നൽകി. ‘‘വലിയൊരു വിഭാഗം മാറിനിൽക്കുകയാണ്. ശോഭാ സുരേന്ദ്രൻ വന്നെന്നും പോയെന്നും പറയുന്നു. സന്ദീപ് വാരിയർ എങ്ങോട്ടാണ് പോകുന്നതെന്ന് അദ്ദേഹത്തിനു തന്നെ അറിയില്ല. അതെല്ലാം ബിജെപിയെ ബാധിക്കും. മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ബിജെപി തിരഞ്ഞെടുപ്പിൽ അപ്രസക്തമാണ്.’’ – മുരളീധരൻ പറഞ്ഞു.

English Summary:

Muraleedharan: Palakkad By-election a UDF-LDF Battle, BJP Irrelevant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com