തിരുനെല്ലി ക്ഷേത്രത്തിലെത്തി പ്രിയങ്ക; വയനാടിനെ ഇളക്കിമറിച്ച് സ്ഥാനാർഥികൾ, കലാശക്കൊട്ട് നാളെ
Mail This Article
വയനാട്∙ ലോക്സഭാ മണ്ഡലത്തെ ഇളക്കിമറിച്ച തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി. മാനന്തവാടിയിൽ ഹെലികോപ്റ്റർ മാർഗം എത്തിയ പ്രിയങ്കയെ നേതാക്കൾ സ്വീകരിച്ചു. ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. സുൽത്താൻ ബത്തേരി നായ്കട്ടിയിൽ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും.
പിതൃസ്മരണയിൽ തിരുനെല്ലി ക്ഷേത്രത്തിലും പ്രിയങ്ക ദർശനം നടത്തി. 1991ൽ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്‌തത്. പ്രിയങ്കയുടെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിനു ചുറ്റും വലംവച്ച പ്രിയങ്ക വഴിപാടുകൾ നടത്തി. മേൽശാന്തി ഇ.എൻ.കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. 2019ൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുൽ ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുലും കലാശക്കൊട്ടിൽ പങ്കെടുക്കും. കൽപറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കലാശക്കൊട്ടിൽ പങ്കെടുക്കുക.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിലാണ് പ്രചാരണം നടത്തുന്നത്. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ തിരക്കിട്ട പര്യടനത്തിലാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പ്രണബ് ജ്യോതിനാഥ് ജില്ലയിലെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടിങ്ങിനുള്ള അവസരം ഞായറാഴ്ച വൈകീട്ട് 6 മണിവരെയാണ്.