‘സിപിഎമ്മുമായി ഡീലില്ല, കമ്യൂണിസ്റ്റ് പ്രവർത്തകരുമായിട്ടുണ്ട്; വിഡിയോ ഇട്ടത് ഐക്യദാർഢ്യം’
Mail This Article
പാലക്കാട്∙ സിപിഎമ്മിലെ ഒരു വിഭാഗം ആളുകൾ തനിക്ക് അനുകൂലമാണെന്ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പത്തനംതിട്ടയിലെ സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ രാഹുലിനെ അനുകൂലിച്ചുള്ള വിഡിയോ പുറത്തുവന്നതിലാണ് പ്രതികരണം.
‘‘എഡിഎം നവീൻ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞാൻ എടുത്ത സമീപനമുണ്ട്. നവീന്റെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവർക്കും അറിയാം. അതു കൊലപാതകമാണെന്ന് ആദ്യം പറഞ്ഞയാളാണ് ഞാൻ. ആ നിലപാടുള്ള ഒരുപാട് പേർ പത്തനംതിട്ടയിലുണ്ട്. ആ നിലപാടിന്റെ ബാക്കിപത്രമാണ് ഈ ഐക്യദാർഢ്യം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയല്ല, അല്ലാതെ ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. എനിക്ക് അറിയാവുന്ന ആളുകളുണ്ട്. ചില വിവരങ്ങൾ അവർ തന്നെ പറയുന്നുണ്ട്. നവീൻ ബാബു വിഷയത്തിൽ മനസാക്ഷിയുള്ളവർ ഒരുമിച്ചു നിൽക്കും.’’ – രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തത് ആണെന്നേ സിപിഎം ജില്ലാ സെക്രട്ടറിക്ക് പറയാൻ പറ്റുകയുള്ളൂവെന്നും രാഹുൽ പറഞ്ഞു. ആദ്യം അക്കൗണ്ട് വ്യാജമാണെന്ന് പറഞ്ഞു, പിന്നീട് ഹാക്കായി. സൈബർ സെല്ലിൽ പോയാൽ ഹാക്ക് ചെയ്താൽ അപ്പോൾ അറിയാം. ഹാക്ക് ചെയ്തതാണെങ്കിൽ അത് ആരാണെന്ന് പറയണം. തിരഞ്ഞെടുപ്പിൽ എപ്പോഴും കള്ളം പറയാൻ പാടില്ല. സിപിഎമ്മുമായി തനിക്ക് ഡീലില്ല, കമ്യൂണിസ്റ്റ് പ്രവർത്തകരും താനും തമ്മിൽ ഡീലുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.