പ്രശാന്ത് ഗൂഢാലോചന നടത്തിയെങ്കിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല: മേഴ്സിക്കുട്ടിയമ്മയോട് ചെന്നിത്തല
Mail This Article
ആലപ്പുഴ∙ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്കു കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെന്നും അത് നടക്കാതെ പോയതിലുള്ള മോഹഭംഗമാണ് ഫെയ്സുബുക്ക് കുറിപ്പിൽ തെളിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയെക്കുറിച്ചും ഒപ്പുവച്ച കരാറിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍2 021 ഫെബ്രുവരി 19 നു കൊല്ലത്തു വച്ച് പുറത്തുവിട്ടതിനെയാണ് എൻ.പ്രശാന്തുമായി ചേർന്നുള്ള ഗൂഢാലോചനയെന്ന് മേഴ്സിക്കുട്ടിയമ്മ സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻ.പ്രശാന്ത് ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടത്തിയെങ്കില്‍ എന്തു കൊണ്ട് ഇതുവരെ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല? നേരത്തേയും പ്രശാന്തിനെയും തന്നെയും ബന്ധപ്പെടുത്തി ഗൂഢാലോചന വിവാദത്തിന് മുൻ മന്ത്രി ശ്രമിച്ചിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പം നിന്നില്ല. മുഖ്യമന്ത്രി പോലും കാണാത്ത ഗൂഢാലോചനാ വാദം മേഴ്സിക്കുട്ടയമ്മ ഉയര്‍ത്തുന്നത് മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കാന്‍ കൂട്ടുനിന്നു പോയതിന്റെ കുറ്റബോധം കൊണ്ടാണ്.– ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പോസ്റ്റിൽനിന്ന്:
ആഴക്കടല്‍ മത്സ്യബന്ധനവിഷയത്തില്‍ സ്വയം വിശുദ്ധീകരിച്ചും രക്തസാക്ഷി ചമഞ്ഞും മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇട്ട പോസ്റ്റ് കണ്ടു. ഞാന്‍ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോള്‍ എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തും ഞാനും കൂടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി എന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ പോസ്റ്റ് പറഞ്ഞു വയ്ക്കുന്നത്. മുന്‍ മന്ത്രി വളരെ ലളിതമായി സ്വയം വിശുദ്ധീകരിച്ച പോസ്റ്റില്‍ അവര്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ വ്യക്തമായി പറയാം. കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്കു കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി. അത് നടക്കാതെ പോയതിലുള്ള മോഹഭംഗമാണ് മേഴ്‌സിക്കുട്ടിയമ്മയുടെ കുറിപ്പിൽ തെളിയുന്നത്.
ഈ പദ്ധതിയെക്കുറിച്ചും ഒപ്പു വച്ച കരാറിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഞാന്‍ ആദ്യമായി പുറത്തു വിടുന്നത് 2021 ഫെബ്രുവരി 19 നു കൊല്ലത്തു വച്ചാണ്. ഈ സംഭവമാണ് ഞാനും പ്രശാന്തും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് എന്നു മേഴ്‌സിക്കുട്ടിയമ്മ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. എന്റെ ലളിതമായ ചോദ്യം ഇതു മാത്രമാണ്. പ്രശാന്ത് ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടത്തിയെങ്കില്‍ എന്തു കൊണ്ട് ഇതുവരെ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. ആ സംഭവത്തിനു ശേഷവും കേരളം ഭരിക്കുന്നത് മേഴ്‌സിക്കുട്ടിയമ്മയുടെ പാര്‍ട്ടി തന്നെ അല്ലേ..?