ADVERTISEMENT

വാഷിങ്ടൻ∙ ‌യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപും ബുധനാഴ്ച പതിനൊന്നുമണിക്ക് ഓവൽ ഓഫിസിൽ വച്ച് കൂടിക്കാഴ്ച നടത്തും. ബൈഡന്റെ ക്ഷണ പ്രകാരമാണ് ഓവൽ ഓഫിസിൽ ട്രംപ് എത്തുന്നത്.  സ്ഥാനമൊഴിയുന്ന പ്രസിഡന്റും നിയുക്ത പ്രസിഡന്റും വൈറ്റ് ഹൗസിലെ പ്രസിഡന്റ് ഓഫിസിൽ വച്ച് നടത്തുന്ന കൂടിക്കാഴ്ച യുഎസിലെ പരമ്പരാഗത ചടങ്ങുകളിലൊന്നാണ്. എന്നാൽ 2020ൽ യുഎസ് പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിജയം അംഗീകരിക്കാതിരുന്ന ട്രംപ് ഓവൽ ഓഫിസ് കൂടിക്കാഴ്ചയ്ക്ക് ബൈഡനെ ക്ഷണിച്ചില്ല.

ഭരണകൈമാറ്റവുമായി ബന്ധപ്പെട്ട  വിഷയങ്ങളെ കുറിച്ചാണ് പൊതുവായി നേതാക്കൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാറുള്ളത്. ബറാക് ഒബാമ ഡോണൾഡ് ട്രംപിനെ ഓവൽ ഹൗസിൽ സ്വീകരിച്ചപ്പോൾ വിദേശ–ആഭ്യന്തര നയങ്ങളെ കുറിച്ച് ചർച്ച നടത്തിയിരുന്നു. അമേരിക്കയുടെ വിജയത്തിനായി സഹകരിച്ചു പ്രവർത്തിക്കാനും ഇരുനേതാക്കളും ചർച്ചയിൽ തീരുമാനിച്ചു. 2008-ൽ പ്രസിഡന്റായിരുന്ന ജോർജ്ജ് ബുഷ്, ഒബാമയെ ഓവൽ ഓഫീസിലേക്ക് ക്ഷണിച്ചപ്പോൾ സാമ്പത്തിക–സുരക്ഷാ വിഷയങ്ങളാണ് ചർച്ച ചെയ്തത്. 

ജനുവരിയിൽ അധികാരമേൽക്കുമ്പോൾ റിപ്പബ്ലിക്കൻ ഭരണകൂടത്തിന്റെ ഭാഗമാക്കേണ്ട പ്രമുഖരെ തീരുമാനിക്കുന്ന തിരക്കിലാണ് ട്രംപ്.  ഡോണൾഡ് ട്രംപിന്റെ ചരിത്രവിജയത്തിനു ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പു പ്രചാരണസംഘം മാനേജറും ഉപദേഷ്ടാവുമായ സൂസി വൈൽസിനെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സിഐഎ മേധാവിയായി ഇന്ത്യൻ വംശജൻ കശ്യപ് പട്ടേലിനെ(44) പരിഗണിക്കുന്നതായി അഭ്യൂഹമുണ്ട്. 

English Summary:

Biden and Trump to meet at the White House, marking a historic transition of power.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com