‘ദിവ്യയുടെ പേരു പറഞ്ഞ് വോട്ടുപിടിക്കാമെന്നു കരുതേണ്ട; സരിൻ നിയമസഭയിലുണ്ടാകും: മുനമ്പത്ത് ആരെയും ഒഴിപ്പിക്കില്ല’
Mail This Article
കോട്ടയം∙ വയനാട്ടിൽ എൽഡിഎഫ് നല്ല മത്സരമാണു നടത്തിയതെന്നും ചേലക്കരയിൽ വിജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട് കള്ളപ്പണത്തിനൊപ്പം സ്പിരിറ്റും കൂടി ഒഴുക്കിയാണു തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിടുന്നത്. ദിവ്യയുടെ പേരു പറഞ്ഞു വോട്ടു പിടിക്കാമെന്ന് ബിജെപിയും കോൺഗ്രസും കരുതേണ്ട. മുനമ്പത്ത് ആരെയും ഒഴിപ്പിക്കുന്ന പ്രശ്നമില്ല. കൈവശക്കാർക്കും കുടികിടപ്പുകാർക്കും കൃഷിക്കാർക്കും വേണ്ടി ഇടതുപക്ഷ സർക്കാർ നിലകൊണ്ടതിന്റെ ഉൽപനമാണ് ആധുനിക കേരളം. എക്കാലത്തും ആ നിലപാട് തുടരുമെന്നും എം.വി. ഗോവിന്ദൻ മനോരമ ഓൺലൈനോടു പറഞ്ഞു.
∙ കലാശക്കൊട്ടാണല്ലോ, സിപിഎം പ്രതീക്ഷകൾ എന്തൊക്കെയാണ്?
ചേലക്കരയിലല്ലേ പ്രധാനപ്പെട്ട മത്സരം. ഞങ്ങൾ സ്ഥിരമായി ജയിക്കുന്ന സീറ്റാണത്. അവിടെ നല്ല ഭൂരിപക്ഷത്തിൽ തന്നെ എൽഡിഎഫ് വിജയിക്കും. വയനാട്ടിൽ നല്ല മത്സരമാണു നടത്തിയത്.
∙ പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടിരിക്കുന്നത് ചേലക്കരയിൽ യുഡിഎഫ് 5000 വോട്ടിന് ജയിക്കുമെന്നാണ്?
അത് അദ്ദേഹം പറയുന്നതല്ലേ. അവിടെ അതിനേക്കാൾ എത്രയോ ആയിരം വോട്ടുകൾക്കു ഞങ്ങൾ വിജയിക്കും.
∙ ട്രോളി ബാഗ് വിവാദമൊന്നും തിരഞ്ഞെടുപ്പിൽ ഏശിയില്ലെന്നാണോ കരുതേണ്ടത്?
അവിടെ കള്ളപ്പണം മാത്രമല്ല ഒഴുകുന്നത്. സ്പിരിറ്റും കൂടി ഒഴുക്കിയാണ് തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിടുന്നത്. സ്പിരിറ്റ് സൂക്ഷിച്ച കോൺഗ്രസുകാരനെ പരസ്യമായി പിടിച്ചിട്ടുണ്ടല്ലോ.
∙ സ്പിരിറ്റ് ഒഴുകിയെന്നു കരുതി പാലക്കാട് ജനവിധി എൽഡിഎഫിന് എതിരാകുമോ?
അങ്ങനെ കരുതുന്നില്ല. നല്ല രീതിയിൽ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി വിജയിക്കും.
∙ കെ.മുരളീധരൻ പറയുന്നത് തിരഞ്ഞെടുപ്പിനുശേഷം സരിനെ സിപിഎം കൈവിടുമെന്നാണ്?
അദ്ദേഹത്തെ കോൺഗ്രസ് കൈവിടാതെ നോക്കിയാൽ മതി. സരിൻ എംഎൽഎ ആയി നിയമസഭയിലുണ്ടാകും.
∙ പി.പി. ദിവ്യ വിഷയം ഉപതിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നു കരുതുന്നുണ്ടോ?
ദിവ്യയുടെ പേരു പറഞ്ഞു വോട്ടു പിടിക്കാമെന്ന് ബിജെപിയും കോൺഗ്രസും കരുതേണ്ട.
∙ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ രാഹുലിന്റെ വിഡിയോ വന്നിരിക്കുകയാണല്ലോ?
പാർട്ടി അതുസംബന്ധിച്ചു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
∙ അഡ്മിൻ തന്നെയല്ലേ വിഡിയോ പോസ്റ്റ് ചെയ്തത്?
അന്വേഷണം നടക്കട്ടെ.
∙ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോടു വിശദീകരണം ചോദിച്ചിട്ടുണ്ടോ?
അന്വേഷണം നടക്കുമല്ലോ. അതു കഴിയട്ടെ.
∙ തിരഞ്ഞെടുപ്പിൽ മുനമ്പം വിഷയമാണ് ബിജെപി സജീവമായി സർക്കാരിനെതിരെ ഉയർത്തുന്നത്?
മുനമ്പത്ത് ആരെയും ഒഴിപ്പിക്കുന്ന പ്രശ്നമില്ല. കൈവശക്കാർക്കും കുടികിടപ്പുകാർക്കും കൃഷിക്കാർക്കും വേണ്ടി ഇടതുപക്ഷ സർക്കാർ നിലകൊണ്ടതിന്റെ ഉൽപന്നമാണ് ആധുനിക കേരളം. എക്കാലത്തും ആ നിലപാട് തുടരും.
∙ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വർഗീയ പരാമർശം?
അതിനൊന്നും യാതൊരു മറുപടിയുമില്ല.
∙ കേസുണ്ടാകുമോ, കേസില്ലെങ്കിൽ അതും ഡീലാണെന്നു പ്രതിപക്ഷം ആരോപിക്കില്ലേ? കോൺഗ്രസും ബിജെപിയും തമ്മിലല്ലേ ഡീൽ.