കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി; 2026 ജൂലൈ വരെ തുടരാം
Mail This Article
ന്യൂഡൽഹി∙ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി 2026 ജൂലൈ വരെ നീട്ടി. നവംബർ 30-ന് അദ്ദേഹം വിരമിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഐഎഫ്എസ് 1989 ബാച്ച് ഉദ്യോഗസ്ഥനാണ് വിക്രം മിസ്രി. 2026 ജൂലൈ 14 വരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ ആണ് വിദേശകാര്യ സെക്രട്ടറിയായി അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്. ജൂലൈ 15നാണ് അദ്ദേഹം ഇന്ത്യയുടെ 35–ാമത് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്.
വിദേശകാര്യ മന്ത്രാലയത്തിന് പുറമെ പ്രധാനമന്ത്രിയുടെ ഓഫിസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ജനുവരി മുതൽ 2021 ഡിസംബർ വരെ ചൈനയിലെ ഇന്ത്യൻ അംബാസഡറായിരുന്നു വിക്രം മിസ്രി. സ്‌പെയിനിലെയും മ്യാൻമറിലെയും അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2022 ജനുവരി 1 മുതൽ 2024 ജൂലൈ 14 വരെ അദ്ദേഹം രാജ്യത്തിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. പ്രധാനമന്ത്രിമാരായ ഐ.കെ ഗുജ്‌റാൾ, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായും മിസ്രി സേവനമനുഷ്ഠിച്ചിട്ടുണ്ട്.