ചെറുതുരുത്തിയിൽ 19.70 ലക്ഷം രൂപ പിടിച്ച സംഭവം; പിടിയിലായ ആളിന്റെ വീട്ടിൽനിന്ന് 5 ലക്ഷം കൂടി കണ്ടെത്തി
Mail This Article
തൃശൂർ/പാലക്കാട്∙ ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവന്ന 19 ലക്ഷത്തിൽപ്പരം രൂപ പിടികൂടിയ സംഭവത്തിൽ പണം കൊണ്ടുവന്നയാളിന്റെ വീട്ടിൽനിന്ന് അഞ്ചുലക്ഷം രൂപ കൂടി കണ്ടെത്തി. പാലക്കാട് കൊളപ്പുള്ളി സ്വദേശി ജയന്റെ വീട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇന്ന് രാവിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽവച്ച് ജയൻ സഞ്ചരിച്ച കാറിൽനിന്ന് 19.70 ലക്ഷം പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പിനു കൊണ്ടുവന്ന പണമാണോയെന്ന് അറിയാനാണ് പരിശോധന നടത്തിയത്.
വള്ളത്തോൾ നഗറിൽവച്ച് റവന്യു ഉദ്യോഗസ്ഥരാണു രാവിലെ 19.70 ലക്ഷം രൂപ പിടിച്ചെടുത്തത്. കാറിൽ പിന്നിൽ സൂക്ഷിച്ച ബാഗിൽനിന്നാണ് പണം പിടിച്ചെടുത്തത്. വീടുപണിക്കു വേണ്ട ടൈൽസ് വാങ്ങാനായി എറണാകുളത്തേക്കു പോകുകയായിരുന്നു എന്നും വീടുപണിയ്ക്കായി ബാങ്കിൽനിന്ന് 25 ലക്ഷം രൂപ പിൻവലിച്ചിരുന്നുവെന്നും ആണ് ജയൻ അധികൃതർക്കു നൽകിയ വിശദീകരണം. ബാങ്കിൽനിന്ന് 25 ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖയും ജയൻ കാണിച്ചു.
എന്നാൽ 5.3 ലക്ഷം രൂപ ബാഗിൽ കുറവാണല്ലോയെന്നും പണം എന്തു ചെയ്തുവെന്നും ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ പണത്തോടൊപ്പം ജയനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെയാണ് വീട്ടിൽനിന്ന് 5 ലക്ഷം രൂപ കണ്ടെത്തിയത്. രേഖകളില്ലാത്തതിനാൽ പണം ആദായനികുതി വകുപ്പിനു കൈമാറിയിരുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കും.