ട്രംപ് സർക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വോൾട്സ്; സെനറ്റിലെ ഇന്ത്യ കോക്കസ് തലവൻ
Mail This Article
ന്യൂയോർക്ക് ∙ യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സർക്കാരിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വോൾട്സ്. ആർമി നാഷനൽ ഗാർഡ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം യുഎസ് സെനറ്റിലെ ഇന്ത്യ കോക്കസ് സമിതിയുടെ തലവനുമാണ്. ട്രംപിന്റെ കടുത്ത അനുയായിയാണ് ഈസ്റ്റ് – സെൻട്രൽ ഫ്ലോറിഡയിൽനിന്ന് മൂന്നുവട്ടം വിജയിച്ചിട്ടുള്ള ഈ റിപ്പബ്ലിക്കൻ അംഗം.
അഫ്ഗാനിസ്ഥാനിൽ യുഎസ് സൈന്യത്തിനൊപ്പം പലവട്ടം പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു വട്ടം പെന്റഗണിൽ നയകാര്യ ഉപദേഷ്ടാവായും പ്രവർത്തിച്ചു. ചൈനാവിരോധിയാണ്. ബെയ്ജിങ്ങിൽ 2022ൽ നടന്ന ശൈത്യകാല ഒളിംപിക്സ് യുഎസ് ബഹിഷ്കരിക്കണമെന്ന് ശക്തമായി വാദിച്ചയാളാണ് വോൾട്സ്. കോവിഡ് മഹാമാരി ലോകവ്യാപകമായി പടരാൻ കാരണം ചൈനയുടെ കരങ്ങളാണെന്ന് ആരോപിച്ചായിരുന്നു വോൾട്സിന്റെ നീക്കം. സിൻജിയാങ്ങിലെ മുസ്‌ലിം വിഭാഗമായ ഉയിഗുറുകളുടെ അവകാശങ്ങൾക്കായും ഇദ്ദേഹം ശബ്ദം ഉയർത്തിയിട്ടുണ്ട്.
അധികാരമേൽക്കുന്നതിനു പിന്നാലെ യുക്രെയ്ൻ – റഷ്യ യുദ്ധം, വളർന്നുവരുന്ന ഉത്തര കൊറിയ – റഷ്യ ബന്ധം, ഇസ്രയേൽ – ഗാസ – ഇറാൻ – ലെബനൻ സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ വോൾട്സിന് ഇടപെടേണ്ടി വരും.