‘മഹാവികാസ് അഖാഡി സഖ്യം അഴിമതിയിലെ ഏറ്റവും വലിയ ഖിലാഡികള്’: നരേന്ദ്ര മോദി
Mail This Article
മുംബൈ/റാഞ്ചി∙ മഹാവികാസ് അഖാഡി സഖ്യം അഴിമതിയിലെ ഏറ്റവും വലിയ ഖിലാഡികളെന്ന് (കളിക്കാർ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപം. മഹാരാഷ്ട്രയിലെ ചിമൂറിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കവേയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ കോൺഗ്രസ്–എൻസിപി(എസ്‌പി)–ശിവസേന (ഉദ്ധവ്) സഖ്യത്തിനുനേരെ മോദിയുടെ ആരോപണം.
‘‘റെയിൽപ്പാതയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായുള്ള ആവശ്യം കോൺഗ്രസും അഖാഡി പാർട്ടികളും പരിഗണിച്ചിട്ടില്ല. ദ്രുതഗതിയിൽ മഹാരാഷ്ട്രയെ വികസിപ്പിക്കാൻ അഖാഡി പാർട്ടികൾക്കാവില്ല. വികസനത്തിന് തടയിടുന്നതിലാണ് അവർക്ക് വൈദഗ്ധ്യം. തടയുക, തടസമുണ്ടാക്കുക, തെറ്റിദ്ധരിപ്പിക്കുക എന്നിവയിലാണ് കോൺഗ്രസിന്റെ കഴിവ്. അഴിമതിയിലെ ഏറ്റവും വലിയ ഖിലാഡികളാണ് അഖാഡി’’–മോദി പറഞ്ഞു.
പട്ടികവർഗക്കാരെ ജാതികളായി വിഭജിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി ആരോപിച്ചു. രാജ്യത്ത് ജനസംഖ്യയുടെ 10 ശതമാനമാണ് ആദിവാസി ജനത. ഇവരെ ജാതിയടിസ്ഥാനത്തിൽ വിഭജിച്ച് ദുർബലരാക്കാനും ഐക്യം നശിപ്പിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ജാതികളായി വിഭജിച്ചാൽ ആദിവാസി സമൂഹത്തിന്റെ ശക്തിയും സ്വത്വവും ഇല്ലാതെയാകും. കോൺഗ്രസിന്റെ യുവരാജാവ് ഇക്കാര്യം ഒരു വിദേശരാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാകാതെ ഒന്നിച്ചുനിൽക്കണമെന്നും മോദി പറഞ്ഞു. നവംബർ 20നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ്.
അതേസമയം, വഖഫ് ബോർഡ് നിയമഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജാർഖണ്ഡിൽ പറഞ്ഞു. ബാഘ്മാരയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും എതിർത്താലും വഫഖ് ഭേദഗതി ബിൽ പാസാക്കുന്നതിൽനിന്ന് ബിജെപിയെ ആർക്കും തടയാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. ജാർഖണ്ഡിൽ ഏക സിവിൽ കോഡ് പാസാക്കും. എന്നാൽ ഇതിൽനിന്ന് ആദിവാസി വിഭാഗത്തെ ഒഴിവാക്കി നിർത്തുമെന്നും അമിത് ഷാ ആവർത്തിച്ചു. ജാർഖണ്ഡിൽ നാളെയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്