ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയതിന് പി.വി.അൻവർ എംഎൽഎയുടെ പേരിൽ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. റിട്ടേണിങ് ഓഫിസറാണ് ചേലക്കര പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത്. ചേലക്കരയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം മറികടന്ന് അൻവർ ഇന്ന് രാവിലെ വാർത്താസമ്മേളനം നടത്തിയിരുന്നു. വാർത്താസമ്മേളനം നടക്കുന്നതിനിടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടിസ് നൽകിയതോടെ നാടകീയ രംഗങ്ങളായിരുന്നു ചേലക്കരയിൽ ഉണ്ടായത്. 

നിശബ്ദ പ്രചാരണത്തിനിടെ വാർത്താസമ്മേളനം നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ചതിന് അൻവറിന് നോട്ടിസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ചട്ടലംഘനമാണെന്ന് അറിയിക്കാൻ വന്ന ഉദ്യോഗസ്ഥനെ അൻവർ തിരിച്ചയയ്ക്കുകയും ചട്ടം കാണിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. മുന്നണികൾ തുക ചെലവാക്കിയതിൽ കമ്മിഷൻ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാർത്താസമ്മേളനം. വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അൻവർ ചോദിച്ചു.

കോളനികളിൽ ഇടതുമുന്നണി മദ്യവും പണവും ഒഴുക്കുകയാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ‘‘തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോടു പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നതെന്ന് അറിയില്ല. രാവിലെതന്നെ പൊലീസ് വന്ന് സ്റ്റാഫിനെയും ഹോട്ടലുകാരെയും ഭീഷണിപ്പെടുത്തുന്നു. ചെറുതുരുത്തിയിൽനിന്ന് 19 ലക്ഷം രൂപ പിടിച്ചെടുത്തു. മരുമകനല്ലേ അവിടെ ക്യാംപ് ചെയ്യുന്നത്. അവിടെനിന്നല്ലേ ഈ പണം മുഴുവൻ ഒഴുകിയത്. തിരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി പണം കൂടി വച്ചാണ് കോളനികളിൽ വിതരണം ചെയ്യുന്നത്’’ – അൻവർ ആരോപിച്ചു.

എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതിയുടെ അനുമതി കൂടി തേടേണ്ടതുണ്ട്. ഇതിന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ നാളെ പൊലീസ് അപേക്ഷ നൽകും.

English Summary:

P.V. Anvar Faces Action for Defying Election Commission's Silent Period in Chalakudy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com