പരസ്യപ്രചാരണം അവസാനിച്ചിട്ടും പ്രചാരണച്ചൂടിന് കുറവില്ല; വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പ് ചൂട് അത്യുച്ചത്തിൽ തന്നെ
Mail This Article
∙ പരസ്യപ്രചാരണം കഴിഞ്ഞദിവസം അവസാനിച്ചിട്ടും വയനാട്ടിലും ചേലക്കരയിലും പ്രചാരണച്ചൂടിന് കുറവില്ല. ശബ്ദഘോഷങ്ങളില്ലെങ്കിലും വാക്കിലും നോക്കിലും തിരഞ്ഞെടുപ്പ് ചൂട് അത്യുച്ചത്തിൽത്തന്നെയായിരുന്നു. വയനാട്ടിൽ വീടുകൾ കയറിയും ഫോണിൽ വിളിച്ചും വോട്ടഭ്യർഥിക്കുകയായിരുന്നു നിശബ്ദ പ്രചാരണ ദിവസം വയനാട്ടിലെ മുന്നണി പ്രവർത്തകർ. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ ഇല്ലാത്തതിനാൽ എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിലാണ് പ്രചാരണം. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ മേഖലകളിലാണ് പ്രചാരണം നടത്തിയത്. പൗരപ്രമുഖരെയും മതനേതാക്കളെയും കണ്ട അദ്ദേഹം വ്യക്തിപരമായ വോട്ടും ഉറപ്പാക്കി.
എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് വയനാട് ജില്ലയിലാണ് പ്രചാരണം നടത്തിയത്. പൗരപ്രമുഖരെയും മതനേതാക്കളെയും കണ്ട് പരമാവധി വോട്ടുറപ്പിക്കാനാണ് ശ്രമിച്ചത്. ബത്തേരി ബിഷപ് ഹൗസിലെത്തിയ നവ്യ ഹരിദാസ് മതമേലധ്യക്ഷരെ സന്ദർശിച്ചു. ജില്ലയിലെ മറ്റു സ്ഥലങ്ങളിലും എത്തിയ നവ്യ വ്യക്തിപരമായ വോട്ടുകളും തേടി. വോട്ടർമാർക്ക് സ്‌ലിപ്പ് വിതരണം ചെയ്തുകൊണ്ടാണ് യുഡിഎഫ് പ്രവർത്തകർ അവസാന ദിവസത്തെ പ്രചാരണം നടത്തിയത്. ഓരോ വീട്ടിലും കയറി വോട്ടർമാർക്കുള്ള സ്ലിപ്പ് നൽകുന്നതിനൊപ്പം വോട്ട് ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നു. വോട്ടഭ്യർഥിച്ചുകൊണ്ടുള്ള നോട്ടിസുകളും വിതരണം ചെയ്തു.
കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ജോലി, പഠനാവശ്യാർഥം കഴിയുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ആളുകൾക്ക് വോട്ട് ചെയ്യാൻ എത്തുന്നതിന് സൗജന്യ ബസ് സർവീസും കോൺഗ്രസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഏഴ് നിയോജക മണ്ഡലത്തിലെ ആളുകൾക്കും വരുന്നതിനായി ബസുണ്ട്. ആറു മാസത്തിനിടെ വീണ്ടും തിരഞ്ഞെടുപ്പ് വന്നതിനാൽ ആളുകൾ വോട്ടു ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഇടയുണ്ടെന്നും എല്ലാവരും വോട്ടു ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശമുണ്ട്.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് വരവൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപമെത്തി അവിടെ സമരക്കാരെയും പൊതുപ്രവർത്തകരെയും കണ്ടു. ദേശമംഗലത്തെ പ്രമുഖ വ്യക്തികളെ കണ്ടു. ചെറുതുരുത്തി ഹാദിയ കോളജിൽ സന്ദർശനം നടത്തി. കലാമണ്ഡലത്തിലെത്തി വൈസ് ചാൻസലറെയും ജീവനക്കാരെയും കണ്ടു. മുള്ളൂർക്കരയിൽ കോൺവന്റുകവിലും ജ്യോതി എൻജിനീയറിങ് കോളജിലും എത്തി.
എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് കിള്ളിമംഗലത്തെ പുല്ലുപായ് നെയ്ത്തുകേന്ദ്രത്തിൽ തൊഴിലാളികളെ കണ്ടു. കേക്ക് നിർമാണ ശാലയിലും സന്ദർശനം നടത്തി. പൈങ്കുളത്തെ 2 വീടുകളിൽ സന്ദർശനം നടത്തി. എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ തിരുവില്വാമല മലേശമംഗലം പുത്തൻമാരിയിലെത്തി വീടുകളിൽ സന്ദർശനം നടത്തി. പഴയന്നൂരിലെ ഒരു മരണ വീടും സന്ദർശിച്ചു.