‘ലോക്സഭ’യിൽ ജാവഡേക്കർ, ഉപതിരഞ്ഞെടുപ്പിൽ കട്ടൻചായ; പ്രശ്നം ‘എഴുപത്തഞ്ചോ?’
Mail This Article
കോട്ടയം∙ തുടർച്ചയായി രണ്ടാം തവണയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ‘ഇലക്‌ഷൻ സ്റ്റാറായി’; നക്ഷത്രമെണ്ണുന്നത് പാർട്ടിയും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം പോളിങ് ബൂത്തിലേക്കു പോകാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ഇ.പി.ജയരാജൻ ബിജെപിയിൽ ചേരുന്നതിനു ചർച്ച നടത്തിയെന്ന ആരോപണം രാഷ്ട്രീയ ചർച്ചയായത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വന്തം ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്നു ഇപി സമ്മതിച്ചത് തിരഞ്ഞെടുപ്പ് ദിവസം രാവിലെയും. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിനെയും പാർട്ടിയെയും വിമർശിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ട ആത്മകഥയെന്ന പേരിൽ പുസ്തക ഭാഗങ്ങൾ പുറത്തുവന്നത് ഉപതിരഞ്ഞെടുപ്പ് ദിവസവും.
‘‘മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ പരിമിതിയും ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തെ പ്രസ്താവനകളുമാണ്’ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും ഇപിയെ മാറ്റാൻ കാരണമെന്നാണു സിപിഎം നേതൃത്വം വിശദീകരിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തെ പ്രസ്താവനകളെന്ന് ഉദ്ദേശിച്ചത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും അതിനോട് ഇപിയുടെ പ്രതികരണങ്ങളുമായിരുന്നു. ഇടതു മുന്നണി കൺവീനർ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ രാഷ്ട്രീയ സ്ഫോടനമായി.
സിപിഎമ്മുമായി ഉടക്കി നിന്നിരുന്ന ജയരാജൻ അത്തരം നീക്കം നടത്തിയോ എന്ന ചിന്ത പാർട്ടി തലത്തിലുമുണ്ടായി. പിന്നാലെ ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വന്തം ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഇപി ശരിവച്ചു. അടിക്കടി ഉണ്ടാക്കുന്ന വിവാദങ്ങൾക്കിടെ, ജാഗ്രതക്കുറവുണ്ടായെന്ന തുറന്നു പറച്ചിലോടെ പിണറായിയും കൈവിട്ടത്തോടെ മുന്നണി കൺവീനർ സ്ഥാനം നഷ്ടമായി. ഇപിയുടെ പ്രവൃത്തികളിൽ മാറ്റമില്ല എന്ന തോന്നലുളവാക്കുന്നതാണു പുസ്തക വിവാദവും. സർക്കാർ ദുർബലമാണെന്ന പ്രതികരണവും പുറത്തുവന്ന പുസ്തക ഭാഗങ്ങളിലുണ്ട്.
ഏറെ നാളായി പാർട്ടിയോടു നിസ്സഹകരണത്തിലായിരുന്ന ഇപി. കൺവീനർ സ്ഥാനം പോയതിനുശേഷം പ്രവർത്തനത്തിൽ സജീവമല്ല. പുസ്തകത്തിലേതെന്ന പേരിൽ പുറത്തുവന്ന പ്രതികരണങ്ങൾ ഇപി എന്തിനുള്ള പുറപ്പാടിലാണെന്ന ചിന്ത പാർട്ടി കേന്ദ്രങ്ങളിൽ ഉയർത്തുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നതു തന്റെ ആത്മകഥയല്ലെന്ന് ഇപി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇപിയുടെ പുസ്തകത്തിൽ ഈ വിമർശനങ്ങൾ ഉൾപ്പെട്ടതായി കരുതുന്നവരുണ്ട്. തിരഞ്ഞെടുപ്പു ദിവസം തന്നെ പുസ്തകത്തിലെ ഭാഗങ്ങൾ പുറത്തുവന്നതിനെക്കുറിച്ചും പാർട്ടി അന്വേഷിക്കുന്നുണ്ട്. പാർട്ടിയുമായി രസക്കേട് തുടരുമെന്ന സൂചനകളാണ് ഇപി നൽകുന്നത്. ഒരിക്കൽ ആരോഗ്യകാരണങ്ങളാൽ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാൻ ആലോചിച്ചതാണ് ഇപി. വീണ്ടും അത്തരം ആലോചന നടക്കുന്നതായും പ്രചാരണമുണ്ട്.
ടേം നിബന്ധനയുടെ േപരിൽ മത്സരരംഗത്തുനിന്ന് ഒഴിവാക്കിയതോടെയാണ് ഇപി പാർട്ടിയുമായി അകലുന്നത്. ജൂനിയറായ എം.വി.ഗോവിന്ദന്‍ പാർട്ടി സെക്രട്ടറിയും പിബി അംഗവും ആയതോടെ അകൽച്ച വർധിച്ചു. ഇടതു മുന്നണി കൺവീനറായിരുന്ന ഇപി മുന്നണി യോഗങ്ങൾ വിളിക്കാനോ പ്രവർത്തനം ഏകോപിക്കാനോ തയാറാകാത്തതു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടെ റിസോർട്ടിലെ കുടുംബ നിക്ഷേപത്തിന്റെ പേരിലും വിവാദത്തിലായി. പാർട്ടി നിലപാടു കടുപ്പിച്ചതോടെയാണ് കൺവീനർ സ്ഥാനത്തേക്കു തിരിച്ചെത്തിയത്. വിവാദങ്ങളുടെ പേരിൽ ആ സ്ഥാനവും തെറിച്ചു. പാർട്ടി പദവികളിൽ തുടരാനുള്ള പ്രായപരിധി മാനദണ്ഡമായ 75 വയസ്സിലേക്ക് അടുക്കുകയാണ് ഇപി. അധികാരത്തിലും പാർട്ടി പദവിയിലും തുടരാനാകില്ലെന്ന ചിന്ത ഇപിയുടെ നിലപാടുകളെ ബാധിച്ചു തുടങ്ങിയോ എന്നാണു പാർട്ടിയിലെ ചർച്ച.