ADVERTISEMENT

പാലക്കാട്∙ രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയിലുള്ള മോശം അഭിപ്രായമാണ് ഇ.പി.ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎമ്മിലെ വലിയൊരു വിഭാഗം സഖാക്കള്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് എടുക്കുന്നതെന്നും സതീശൻ പറഞ്ഞു. ‘‘പാര്‍ട്ടിയിലെ എതിര്‍പ്പ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും കണ്ടതാണ്. ബിജെപിയില്‍ സ്ഥാനാർഥിത്വം ചോദിച്ചു പോയ ആളെ പാലക്കാട് സ്ഥാനാർഥിയാക്കിയതിനെ തുടർന്ന് സിപിഎമ്മില്‍ കലാപമാണെന്ന് പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഇ.പി. ജയരാജന്‍ ആത്മകഥയിലൂടെ പറഞ്ഞിരിക്കുന്നത്. ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ അവസരവാദിയെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് സിപിഎമ്മിന്റെ ഉന്നതരായ നേതാക്കള്‍ പോലും പരാതിപ്പെടുകയാണ്. സിപിഎമ്മിലെ ഒരു സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്’’– സതീശൻ പറഞ്ഞു. 

‘‘ഇ.പി. ജയരാജനും സിപിഎമ്മും ഇപ്പോള്‍ ആത്മകഥ നിഷേധിക്കുകയാണ്. ജയരാജന്‍ നേരത്തെയും ഇങ്ങനെയൊക്കെ പറയുന്ന ആളാണ്. ജാവഡേക്കറെ കണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആദ്യം കണ്ടില്ലെന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് കണ്ടെന്നു പറഞ്ഞു. ബിജെപി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ഇ.പി.ജയരാജനു ബിസിനസ് ബന്ധമുണ്ടെന്ന് ഞാന്‍ ആരോപിച്ചപ്പോഴും രണ്ടു പേരും നിഷേധിച്ചു. അദ്ദേഹം സത്യസന്ധനായതു കൊണ്ടു തന്നെ ആദ്യം അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് ഭാര്യയ്ക്ക് ഷെയര്‍ ഉണ്ടെന്ന് പറഞ്ഞു. ഡി.സി ബുക്‌സ് പോലെ വിശ്വാസ്യതയുള്ള ഒരു പ്രസാധക സ്ഥാപനത്തിന് ആകാശത്ത് നിന്നും ഒരാളുടെ ആത്മകഥ എഴുതാന്‍ സാധിക്കുമോ? ജയരാജന്റെ അനുമതി ഇല്ലാതെ കവര്‍ പേജ് പ്രസിദ്ധീകരിച്ച് പുസ്തകം ഇന്ന് എല്ലാ സ്റ്റോറുകളിലും എത്തുമെന്ന അറിയിപ്പ് നല്‍കാന്‍ ഡി.സി ബുക്‌സിന് സാധിക്കുമോ? ആത്മകഥ പുറത്തുപോയത് എങ്ങനെയാണെന്ന് ഇ.പി. ജയരാജനാണ് അന്വേഷിക്കേണ്ടത്. ഇ.പിയുടെ പാര്‍ട്ടിയിലെ മിത്രങ്ങളാണോ അതോ ശത്രുക്കളാണോ അത് പുറത്തു കൊടുത്തതെന്നു മാത്രം ഇ.പി അന്വേഷിച്ചാല്‍ മതി. ബാക്കിയെല്ലാം പ്രിന്റ് ചെയ്തിട്ടുണ്ട്. അതില്‍ അവസരവാദ രാഷ്ട്രീയത്തെ കുറിച്ചും പാലക്കാട്ടെ സ്ഥാനാർഥി നിര്‍ണയത്തെ കുറിച്ചും രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ചുമുള്ള രൂക്ഷമായ വിമര്‍ശനങ്ങളുണ്ട്’’ – സതീശൻ പറഞ്ഞു.

‘‘പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം പുറത്തിറങ്ങേണ്ട പുസ്തകമായിരുന്നു. ഇ.പി. ജയരാജനും സിപിഎമ്മിനും ഇരുപതാം തീയതി വരെ കള്ളം പറഞ്ഞേ പറ്റൂ. പണ്ട് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ്. അച്യുതാനന്ദന്‍ പോയത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അന്നാണ് പ്രകാശ് ജാവഡേക്കറെ കണ്ടതെന്നാണ് ഇ.പി പറയുന്നത്. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പക്ഷെ ജാവഡേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവഡേക്കറെ പിണറായി വിജയനും ഇ.പി. ജയരാജനും അഞ്ചാറ് തവണ കണ്ടത് എന്തിനു വേണ്ടിയായിരുന്നു? ജാവഡേക്കറെ കണ്ടതിന്റെ പേരില്‍ തന്നെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ ജയരാജന് സങ്കടമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ സിപിഎം നേതാക്കള്‍ക്കിടയിലും അണികളിലും വികാരമുണ്ട്. ഞങ്ങള്‍ക്ക് സിപിഎമ്മില്‍ നിന്നും വോട്ട് ലഭിക്കും. പാര്‍ട്ടി നന്നായാല്‍ മാത്രമെ ഇനി പാര്‍ട്ടിക്ക് വോട്ട് ചെയ്യൂ എന്ന് പറയുന്ന നല്ല സഖാക്കളുമുണ്ട്.

ആദ്യത്തെ പത്ത് ദിവസം ഡിസിസിയുടെ കത്തുമായി നടന്ന മാധ്യമങ്ങള്‍ ഇനിയുള്ള അഞ്ച് ദിവസമെങ്കിലും ഈ ബുക്കുമായി നടക്കണം. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. ഒരു പേജുള്ള കത്തില്‍ നിന്നും തുടങ്ങിയ തിരഞ്ഞെടുപ്പ് 180 പേജുള്ള പുസ്തകത്തില്‍ അവസാനിക്കുന്ന രസകരമായ കാഴ്ചയാണ് കാണുന്നത്. കോണ്‍ഗ്രസിലാണ് കുഴപ്പമെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസില്‍ ഒരു കുഴപ്പവുമില്ലെന്ന് എല്ലാവര്‍ക്കും മനസിലായി. ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകം. പക്ഷെ തിരഞ്ഞെടുപ്പ് രംഗത്തെ ഒരു യുദ്ധത്തിന് പോകുമ്പോള്‍ എല്ലാവരും ഒരു ടീം ആയി നില്‍ക്കും. ഇപ്പോള്‍ ബിജെപിയിലും സിപിഎമ്മിലും കലാപം നടക്കുകയാണ്. പരസ്പരമുള്ള ചെളി വാരി എറിയലാണ് സിപിഎമ്മില്‍ നടക്കുന്നത്. സിപിഎം നേരിടുന്ന ജീര്‍ണതയുടെ പ്രതിഫലനങ്ങളാണ് പുറത്തു വരുന്നത്’’– സതീശൻ ആരോപിച്ചു.

English Summary:

EP jayarajan's Autobiography Leak Exposes Rift Between CPM Leaders says V.D. Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com