‘വള്ളത്തിന്റെ അമരത്തില്ലെങ്കിലും കമ്പനിയുടെ യാത്രയില്‍ കൂടെ കാണും’: ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് പ്രശാന്ത്
Mail This Article
തിരുവനന്തപുരം∙ 'വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണും' - വിവാദത്തില്‍ ഒപ്പംനിന്നതിന് കേരളാ അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ (കാംകോ) ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് എംഡി എന്‍.പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ ഇനി എംഡി അല്ലെങ്കിലും തുടങ്ങിവച്ച ഓരോന്നും ഫലപ്രാപ്തിയില്‍ എത്തിക്കണമെന്ന് പ്രശാന്തിന്റെ കുറിപ്പിലുണ്ട്.
എന്‍.പ്രശാന്തിന്റെ കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍
കാംകോ മാനേജിങ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ടു മാസമേ ആയുള്ളൂ. ഇത്രയും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്, രണ്ടു മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം. മിനിസ്റ്ററും, ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റി ലോകോത്തര സ്ഥാപനമാക്കാന്‍ ഉറപ്പിച്ചാല്‍ അത് നടന്നിരിക്കും.
ഡോ.ജയതിലകും ഗോപാലകൃഷ്ണനും ചേര്‍ന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ- ഞാന്‍ നിങ്ങളുടെ എംഡി അല്ലെങ്കിലും നമ്മള്‍ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം. ഈ ഘട്ടത്തില്‍ സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍, ഓഫിസേഴ്‌സ് അസോസിയേഷനുകള്‍ ഏവര്‍ക്കും നന്ദി. നിങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണം. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണും.