ADVERTISEMENT

തിരുവനന്തപുരം∙ പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാരചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവളളിക്കോണം സ്വദേശിനിയുമായ വിനീതയെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി. ഉന്നത ബിരുദധാരിയായ പ്രതി ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റിംഗിന് വേണ്ടിയുളള പണത്തിനാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

വിനീതയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, 13 കാരി മകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പേരൂര്‍ക്കടയിൽ ചായക്കട ജീവനക്കാരനായി എത്തിയത്. സുബ്ബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയതിന് സമാന രീതിയിലാണ് പ്രതി വിനീതയെയും കൊലപ്പെടുത്തിയത്. സ്വനപേടകത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് ഇരയുടെ ശബ്ദം പുറത്ത് വരാതാക്കിയാണ് കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിന് തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഫൊറന്‍സിക് വിദഗ്ധരും പൊലീസ് ഉദ്യോഗസ്ഥരുമടക്കം 96 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്റെ ആവശ്യപ്രകാരമാണ് കോടതി തമിഴ്‌നാട്ടില്‍ നിന്നുളള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. ഏഴാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനനാണ് കേസ് പരിഗണിച്ചത്. തുടര്‍ നടപടികളുടെ ഭാഗമായി സാക്ഷി മൊഴികളിലെ നിജസ്ഥിതി കോടതി നേരിട്ട് പ്രതിയോട് ചോദിച്ച് മനസിലാക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായുളള കര്‍ശന നിയന്ത്രണങ്ങള്‍ തലസ്ഥാനത്ത് ഉളളപ്പോഴാണ് പട്ടാപ്പകല്‍ പ്രതി അമ്പലമുക്കിലെ കടയില്‍ കടന്നു കയറി വിനീതയെ കൊലപ്പെടുത്തി നാലര പവന്‍ തൂക്കമുളള സ്വര്‍ണ്ണമാല കവര്‍ന്നത്. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50 നായിരുന്നു സംഭവം.

English Summary:

Vineetha Murder Case: Witness Examination Concludes, Accused to be Questioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com