കഥ മാറ്റിയ കൂടിക്കാഴ്ച; കട്ടൻ ചായക്കോപ്പയിലെ കൊടുങ്കാറ്റ് ! പുസ്തകത്തിന്റെ ആത്മകഥ ഇങ്ങനെ
Mail This Article
ആമുഖം: ഇപിയുടെ മനസ്സിൽ ആത്മകഥ രൂപം കൊള്ളുന്നു
വർഷങ്ങൾക്കു മുമ്പാണ് ഇപിയുടെ മനസ്സിൽ കഥ ചേക്കേറുന്നത്. ബന്ധു നിയമന വിവാദം കെട്ടടങ്ങി, പാർട്ടിയിലെ എതിർപ്പുകളെ അതിജീവിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിൽ ജയരാജൻ വീണ്ടും മന്ത്രിയായി. തനിക്കെതിരെയുള്ള തെറ്റിദ്ധാരണ മാറ്റി സത്യസന്ധത തെളിയിക്കണമെന്ന് പലപ്പോഴും കരുതി. ‘എന്തുകൊണ്ട് ഒരു ആത്മകഥ എഴുതിക്കൂടാ’ എന്ന് സ്വയം ചോദിച്ചത് അന്നു മുതലാണ്. പട്ടിണി നിറഞ്ഞ ബാല്യം, സംഘർഷഭരിതമായ കൗമാരവും യൗവനവും, പൊതുപ്രവർത്തനത്തിനായി നീക്കിവച്ച തുടർന്നുള്ള കാലം ഇവയൊക്കെ പ്രതിപാദിക്കുന്നൊരു ആത്മകഥയാണ് ജയരാജൻ ചിന്തിച്ചത്. കേട്ടെഴുതിയിരുന്നത് പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ. മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞു. പാർട്ടിയുമായി ജയരാജൻ പലതവണ ഇണങ്ങി, പിണങ്ങി. ഇതെല്ലാം കഥയുടെ ഉള്ളടക്കത്തെ ചെറുതായി സ്വാധീനിച്ചു.
അവതാരിക: ആർക്കെങ്കിലും വേദനിച്ചാൽ മനഃപൂർവമല്ല
പുറത്തുവന്ന ആത്മകഥയുടെ ആമുഖത്തിൽ ജയരാജൻ എഴുതി.
ജൂനിയറായ എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയത് ജയരാജന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ എഴുത്ത് കൂടുതൽ സജീവമായി. വിശ്വസ്തരായ പത്രപ്രവർത്തകർ അടക്കമുള്ളവർ പുസ്തകം തയാറാക്കാനായി ഇ.പിയെ പലഘട്ടങ്ങളിൽ സഹായിച്ചു. തന്നെ മാറ്റി ടി.പി. രാമകൃഷ്ണനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് നിയമിച്ചതോടെ, താൻ ആത്മകഥ എഴുതുന്നുവെന്നും എല്ലാം തുറന്നെഴുതുമെന്നും ജയരാജൻ പുറംലോകത്തെ അറിയിച്ചിരുന്നു.
കഥ മാറുന്നു; വഴിത്തിരിവായി കൂടിക്കാഴ്ച
ഉപതിരഞ്ഞെടുപ്പ് വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി ആത്മകഥ പുർത്തിയാക്കി തിരഞ്ഞെടുപ്പിനു ശേഷം പ്രസിദ്ധീകരിക്കാനാണ് ജയരാജൻ താൽപര്യപ്പെട്ടിരുന്നതെന്നാണ് അറിവ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ആത്മകഥയുടെ അവസാന ഭാഗത്ത് ഇതിന്റെ സൂചനയുണ്ട്. അതിനിടെ, കഴിഞ്ഞ ഒക്ടോബർ 31ന് മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി.ജയരാജനും കോഴിക്കോട്ടു വച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജയരാജൻ ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്തത്. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് ജയരാജൻ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാനായി വിമാനം കയറിയത്. പിണറായിയുമായുള്ള ചർച്ചയ്ക്കു ശേഷം പാർട്ടിയുമായി സഹകരണപാതയിൽ പ്രവർത്തിക്കവെയാണ് അപ്രതീക്ഷിതമായി ആത്മകഥ പുറത്താകുന്നത്. ഉപതിരഞ്ഞെടുപ്പു സമയത്ത് പുസ്തകം പുറത്തുവരാൻ ഇ.പി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
കഥ ഇനിയും തുടരും? എഴുത്തുകാരന്റെ യാത്രയും
കേന്ദ്ര കമ്മിറ്റിയിൽനിന്ന് എന്തെങ്കിലും തട്ട് കിട്ടുന്നെങ്കിൽ, നിലവിൽ പുറത്തുവന്ന ഉള്ളടക്കത്തോടെ പുസ്തകം പുറത്തുവരട്ടെയെന്ന് ജയരാജൻ കരുതിയിരുന്നോ? അടുത്ത പാർട്ടി കോൺഗ്രസ് നടക്കുന്ന സമയത്ത് ജയരാജന് 75 വയസ്സ് കഴിയില്ല. അതിനാൽത്തന്നെ കേന്ദ്ര കമ്മിറ്റിയിൽ തുടരാം. തുടർച്ചയായി രണ്ടു തവണ മത്സരിക്കാൻ പാടില്ലെന്ന നിബന്ധനയേ ഉള്ളൂവെന്നതിനാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാം. ഇതിനിടെയാണ് തിരഞ്ഞെടുപ്പു ദിവസം പാർട്ടി കേന്ദ്രങ്ങളെയും ജയരാജനെയും ഞെട്ടിച്ച അപ്രതീക്ഷിത ബോംബ് പൊട്ടുന്നത്. പുസ്തകം പുറത്തായതോടെ കഥയുടെ വഴി മാറുകയാണ്. ഇനിയുള്ള കഥ പുറത്തിറങ്ങിയ പുസ്തകം തീരുമാനിക്കും.