‘എപ്പോഴും ഇടതുപക്ഷ മനസ്സ്, ഉത്തമനായ സ്ഥാനാർഥി’: സരിന് വോട്ടഭ്യർഥിച്ച് ഇ.പി; മഴയെ തുടർന്ന് സമ്മേളനം അവസാനിപ്പിച്ചു
Mail This Article
പാലക്കാട്∙ സാമൂഹ്യ രാഷ്ട്രീയ സേവനരംഗത്ത് ഡോ. സരിന് ഇടതുപക്ഷ മനസ്സ് എന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. പാലക്കാട്ട് സരിന് വോട്ടഭ്യർഥിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മകഥ വിവാദത്തിനു പിന്നാലെ പാർട്ടി നിർദേശ പ്രകാരമാണ് ജയരാജൻ പാലക്കാട് എൽഡിഎഫ് പ്രചാരണത്തിനെത്തിയത്.
‘‘പാവപ്പെട്ടവരോടും, തൊഴിലാളികളോടുമെല്ലാം സ്വീകാര്യത നേടിയെടുത്തുകൊണ്ടാണ് യുവത്വത്തിലേക്ക് സരിൻ പ്രവേശിച്ചത്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ മനസ്സിൽ രൂപംകൊണ്ടത് ഇടതുപക്ഷ ചിന്തയാണ്. മണ്ഡലം സരിന് അനുകൂലമായി ചിന്തിക്കുന്നു. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന് പഠിച്ചു മിടുക്കനായി. കോഴിക്കോട് എംസിഎച്ചിൽ നിന്ന് ബിരുദം നേടി. ഉന്നത ജോലിയിൽ വലിയ ശമ്പളം വാങ്ങുമ്പോഴും ജനസേവനം ചെയ്യുന്നുണ്ടായിരുന്നു. ജോലി ചെയ്യുമ്പോഴും സരിന്റെ മനസ്സ് ജനങ്ങളോടൊപ്പമായിരുന്നു. സാധാരണക്കാരുടെ സ്വീകാര്യത നേടിയെടുത്തു.’’ – ജയരാജൻ പറഞ്ഞു.
കോൺഗ്രസിൽ പ്രവർത്തിച്ച് കൊണ്ട് സരിൻ ബുദ്ധിപരമായ കഴിവുകൾ ഉപയോഗിച്ചു. എന്നാൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുമ്പോഴും ജനങ്ങളോടൊപ്പമായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ നയങ്ങളോട് സരിന് യോജിക്കാനായില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഇ.പി സംസാരിക്കുന്നതിനിടെ മഴ പെയ്തതിനാൽ പൊതുസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.