‘കഴിയുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ’: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വെല്ലുവിളിച്ച് കെ.ടി.രാമ റാവു
Mail This Article
ഹൈദരാബാദ്∙ ‘‘കഴിയുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യു’’– തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വെല്ലുവിളിച്ച് ബിആർഎസ് നേതാവ് കെ.ടി.രാമറാവു. വിക്രബാദ് ജില്ലയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് നേതൃത്വം കൊടുത്തത് കെ.ടി.രാമറാവുവാണെന്നാണ് ആരോപണം. ആക്രമണ കേസിൽ അറസ്റ്റിലായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.രാമറാവുവിന്റെ പ്രതികരണം.
‘‘അറസ്റ്റ് ചെയ്യൂ, തല ഉയർത്തിപ്പിടിച്ച് ജയിലിലേക്ക് ഞാൻ പോകും. ഇതൊരു വ്യാജ കേസാണ്. എന്നെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, അങ്ങനെ ചെയ്യു എന്നാണ് രേവന്ദ് റെഡ്ഡിയോട് എനിക്ക് പറയാനുള്ളത്. എന്നാൽ ജയിലിൽ കഴിയുന്ന 21 പാവപ്പെട്ട കർഷകരെ മോചിപ്പിക്കണം.’’– കെ.ടി.രാമറാവു വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു.
ഒരു ഫാർമസ്യൂട്ടിക്കൽ പദ്ധതിക്കായി 1358 ഏക്കർ ഭൂമി വീണ്ടെടുക്കാൻ എത്തിയ ഉദ്യോഗസ്ഥ സഘത്തെ ഗ്രാമീണർ ആക്രമിച്ചെന്നാണ് കേസ്. 50 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നഷ്ടപരിഹാരം കുറവാണെന്ന് പറഞ്ഞായിരുന്നു കർഷകരുടെ പ്രതിഷേധം. കേസുമായി ബന്ധപ്പെട്ട് പൊലീസ് ബിആർഎസ് മുൻ എംഎൽഎ പറ്റ്നം നരേന്ദ്രർ റെഡ്ഡിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് നരേന്ദ്രർ റെഡ്ഡി. ആക്രമണത്തിന് ഉത്തരവിട്ടത് കെ.ടി.രാമ റാവുവാണെന്നായിരുന്നു നരേന്ദ്രർ റെഡ്ഡിയുടെ മൊഴി.