മോഹം മുംബൈയോട്: നഗരമേഖല പിടിച്ചെടുക്കാൻ ഷിൻഡെ; 11 സീറ്റിൽ പോരാട്ടം നേരിട്ട്
Mail This Article
മുംബൈ∙ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പറന്നുയരുന്നത് ശിവസേനയുടെ കൊടിയാണ്. പാർട്ടിയിലെ പിളർപ്പിനുശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ മഹാനഗരത്തിൽ ഏതു ശിവസേന നേട്ടം കൊയ്യുമെന്നറിയാൻ കാത്തിരിക്കുകയാണ് ജനം. 36 നിയമസഭാ മണ്ഡലങ്ങളുള്ള മുംബൈ നഗരമേഖലയാണ് ഉദ്ധവിന്റെ പ്രധാന രാഷ്ട്രീയ ഭൂമിക. അവിടെ ആധിപത്യമുറപ്പിക്കാനാണ് ഷിൻഡെയുടെ ശ്രമം.
മഹാ വികാസ് അഘാഡിയിൽ സീറ്റുവിഭജനത്തിൽ ഏറ്റവും തർക്കമുണ്ടായത് മുംബൈയിലെ 36 മണ്ഡലങ്ങളെച്ചൊല്ലിയാണ്. ഭൂരിഭാഗം സീറ്റുകളും സഖ്യകക്ഷികളിൽനിന്ന് ഉദ്ധവ് പിടിച്ചെടുത്തു. തങ്ങൾക്കു വിജയസാധ്യതയുള്ള ബൈക്കുളയും ബാന്ദ്ര ഈസ്റ്റും വെർസോവയും നഷ്ടപ്പെട്ടതിൽ കോൺഗ്രസ് അസ്വസ്ഥരുമാണ്.
അവിഭക്ത ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈയിൽ 36 സീറ്റിൽ പതിനൊന്നിലും ശിവസേനകൾ തമ്മിലാണ് പോരാട്ടം. ഇരുവിഭാഗവും നേരിട്ടേറ്റുമുട്ടുന്ന മണ്ഡലങ്ങളിൽ മറാഠി സംസാരിക്കുന്നവരാണ് കൂടുതലും. മാഹിം, വർളി, ബൈക്കുള, ഭാണ്ഡൂപ്, വിക്രോളി, മഗാതാനെ, ജോഗേശ്വരി ഈസ്റ്റ്, ദിൻഡോഷി, അന്ധേരി ഈസ്റ്റ്, ചെമ്പൂർ, കുർള എന്നിവിടങ്ങളിലാണ് നഗരത്തിൽ ശിവസേന നേരിട്ട് ഏറ്റുമുട്ടുന്നത്. വർളിയിലും മാഹിമിലും ഉൾപ്പെടെ ഒട്ടേറെ മണ്ഡലങ്ങളിൽ അഭിമാനപോരാട്ടമാണ്. വർളിയിൽ ആദിത്യ താക്കറെയും മാഹിമിൽ മഹേഷ് സാവന്തും ഉദ്ധവ് സേനയിൽ നിന്നു മത്സരിക്കുന്നു. രാജ്യസഭാംഗമായ മിലിന്ദ് ദേവ്റയാണ് വർളിയിൽ ഷിൻഡെ സ്ഥാനാർഥി. മാഹിമിൽ സിറ്റിങ് എംഎൽഎ സദാ സർവങ്കർ ഷിൻഡെ വിഭാഗത്തിനായി വീണ്ടും കളത്തിലുണ്ട്.
നഗരത്തിലെ 9 മണ്ഡലങ്ങളിൽ ശിവസേന (ഉദ്ധവ്) ബിജെപി പോരാട്ടമാണ്. ശിവസേനയെ പിളർത്തിയതിലൂടെ നഗരത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനും ബിജെപിക്കായി. ചാർകോപ്, കാന്തിവ്‌ലി, കൊളാബ, മലാഡ് വെസ്റ്റ് ഉൾപ്പെടെ 8 മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. അണുശക്തിനഗറിൽ എൻസിപികൾ തമ്മിലാണ് പോരാട്ടം. തൊട്ടടുത്ത മണ്ഡലമായ മാൻഖുർദ് ശിവാജി നഗറിൽ എൻസിപി സ്ഥാനാർഥിയായ നവാബ് മാലിക്കിനെതിരെ സഖ്യകക്ഷിയായ ഷിൻഡെ സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നത് എൻഡിഎക്ക് തലവേദനയാണ്.