മാൻഖുർദ് - ശിവാജിനഗറിൽ മാലിക്കിനെതിരെ ഷിൻഡെ സ്ഥാനാർഥിയും: മങ്ങാതിരിക്കാൻ മാലിക്; മിന്നിത്തെളിയാൻ ആസ്മി
Mail This Article
മുംബൈ ∙ ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മാൻഖുർദ്–ശിവാജിനഗർ. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മണ്ഡലം മുൻമന്ത്രിയും എൻസിപി (അജിത്) നേതാവുമായ നവാബ് മാലിക്കിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലിയാണ് മുഖ്യധാരാ ചർച്ചകളുടെ ഭാഗമായത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവാബ് മാലിക്കിനെ ഇ.ഡി. അറസ്റ്റ് ചെയ്തതും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം ആരോപിച്ചും തുടക്കം മുതൽ മാലിക്കിന്റെ സ്ഥാനാർഥിത്വത്തെ ബിജെപി എതിർത്തിരുന്നു. എന്നാൽ എതിർപ്പു വകവയ്ക്കാതെയാണ് എൻഡിഎ നേതാക്കളിലൊരാളായ അജിത് പവാർ എൻസിപിയുടെ ഭാഗമായി നവാബ് മാലിക്കിനു സീറ്റ് നൽകിയത്. ഇന്ത്യാ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന സമാജ്‌വാദി പാർട്ടി സംസ്ഥാന അധ്യക്ഷനും സിറ്റിങ് എംഎൽഎയുമായ അബു ആസ്മിയാണ് മുഖ്യ എതിർ സ്ഥാനാർഥി.
അട്ടിമറിക്കുമോ ബുള്ളറ്റ് പാട്ടീൽ
അബു ആസ്മിക്കും നവാബ് മാലിക്കിനും പുറമേ എൻഡിഎയുടെ ഔദ്യോഗിക സ്ഥാനാർഥിയായി എത്തുന്നത് ശിവസേന (ഷിൻഡെ) നേതാവ് ബുള്ളറ്റ് പാട്ടീൽ എന്നറിയപ്പെടുന്ന സുരേഷ് പാട്ടീലാണ്. ഇദ്ദേഹത്തിനാണ് ബിജെപിയുടെ പിന്തുണ. എൻഡിഎയുടെ സ്ഥാനാർഥിയല്ല താനെന്നും എൻസിപി (അജിത്) സ്ഥാനാർഥി മാത്രമാണെന്നും നവാബ് മാലിക് പ്രഖ്യാപിച്ചിട്ടുണ്ട്. വർഗീയ വിഭജനം ലക്ഷ്യമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുൾപ്പെടുയുള്ള ബിജെപി നേതാക്കൾ നടത്തുന്ന പരാമർശങ്ങളെ ശക്തമായ ഭാഷയിൽ അദ്ദേഹം എതിർത്തിരുന്നു.
ഇവർക്കു പുറമേ മജ്‌ലിസേ ഇത്തിഹാദുൽ മുസ്‌ലിമീൻ സ്ഥാനാർഥി അതീഖ് അഹമ്മദ് ഖാൻ, സ്വതന്ത്ര സ്ഥാനാർഥിയായി മണ്ഡലത്തിലെ വിദ്യാഭ്യാസ–ആരോഗ്യ മേഖലയിൽ കാലങ്ങളായി സജീവ സാന്നിധ്യമായ വസീം ജാവേദ് കൂടിയെത്തുന്നതോടെ മത്സരം കനക്കും. 22 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. ന്യൂനപക്ഷ വോട്ടുകൾ വലിയതോതിൽ വിഭജിക്കപ്പെടാനുള്ള സാധ്യതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. അങ്ങനെ വന്നാൽ നേട്ടം എൻഡിഎ സ്ഥാനാർഥിക്കാകും.
ആസ്മി-മാലിക് പോരാട്ടം
രണ്ട് രാഷ്ട്രീയ അതികായന്മാർ തമ്മിലുള്ള പോരാട്ടമായിട്ടാണ് ഈ മത്സരത്തെ വിലയിരുത്തുന്നത്. രണ്ട് പേരും സംസ്ഥാനത്തെ ന്യൂനപക്ഷ മുഖങ്ങളായി കണക്കാക്കപ്പെടുന്നവർ. സമാജ്‌വാദി പാർട്ടിയിൽ ഒരുമിച്ചു രാഷ്ട്രീയജീവിതം തുടങ്ങിയ അടുത്ത സുഹൃത്തുക്കളാണ് മാലിക്കും അബു ആസ്മിയും. ഇപ്പോൾ രണ്ടു ചേരിയിൽ മത്സരിക്കുന്നു. 2009 മുതൽ മണ്ഡലത്തിലെ എംഎൽഎ ആയ അബു ആസ്മി നാലാം തവണയാണ് മത്സരക്കളത്തിലേക്ക് ഇറങ്ങുന്നത്.
തൊട്ടടുത്ത മണ്ഡലമായ അണുശക്തി നഗറിലെ സിറ്റിങ് എംഎൽഎയാണ് നവാബ് മാലിക്. 2009 മുതൽ ഇവിടെ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. ഇക്കുറി മകൾ സനാ മാലിക്കിന് ഈ മണ്ഡലം വിട്ടുകൊടുത്താണ് മാൻഖുർദ്–ശിവാജിനഗറിലേക്ക് നവാബ് എത്തുന്നത്. 1984 മുതൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായ അദ്ദേഹം പല തവണ മന്ത്രിപദവിയും വഹിച്ചു.
പരിഹരിക്കാൻ പ്രശ്നങ്ങൾ ഒട്ടേറെ
വർധിക്കുന്ന ലഹരിമരുന്നു കേസുകളാണ് മണ്ഡലം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയും വലിയൊരു ചോദ്യചിഹ്നമാണ്. പരിസരത്തെ മാലിന്യസംസ്കരണ കേന്ദ്രങ്ങളിൽനിന്നുള്ള പുകയും മണവും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ ചേരി, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത, മോശം ആരോഗ്യ സംവിധാനങ്ങൾ, തൊഴിലില്ലായ്മ എന്നിവയും മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളാണ്.