‘ഇ.പി.പറഞ്ഞത് പൂർണമായി വിശ്വസിക്കുന്നു; വിശദീകരണം ചോദിച്ചിട്ടില്ല, വിവാദത്തിൽ പാർട്ടി അന്വേഷണമില്ല’
Mail This Article
തിരുവനന്തപുരം∙ 'ആത്മകഥാ' വിവാദത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെ പിന്തുണച്ച് സിപിഎം. വിവാദം ഒരു തരത്തിലും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ഇ.പി. പറഞ്ഞത് പൂര്‍ണമായി പാര്‍ട്ടി വിശ്വസിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു. വിവാദം പാര്‍ട്ടി പൂര്‍ണമായി തള്ളുകയാണെന്നും പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇ.പി. ഡിജിപിക്കു കൊടുത്ത പരാതിയില്‍ അന്വേഷണം നടക്കട്ടെ. ഇ.പി.ജയരാജനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരുമായും കരാര്‍ ഉണ്ടാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് പുസ്തകം പ്രകാശനം ചെയ്യാനുള്ള തീയതി പ്രഖ്യാപിക്കുക. കരാര്‍ ഇല്ലാത്തിടത്തോളം ഇതെല്ലാം വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നു വ്യക്തമാണ്. എഴുതാത്ത കാര്യങ്ങള്‍ എഴുതിയെന്ന് ഉപതിരഞ്ഞെടുപ്പു ദിവസം തന്നെ പുറത്തുവന്നത് ഗൂഢാലോചനയാണ്. അതെല്ലാം അനേഷിക്കട്ടെ എന്നും എം.വി.ഗോവിന്ദന് പറഞ്ഞു. സരിന് ഊതിക്കാച്ചിയ പൊന്നാണെന്നാണ് ജയരാജന് പാലക്കാട്ട് പോയി പറഞ്ഞത്. അവിടെ എല്‍ഡിഎഫ് വന്‍വിജയം നേടും. പാര്‍ട്ടി നിര്‍ബന്ധിച്ചിട്ടാണോ ഇ.പി. പാലക്കാട് പോയതെന്ന ചോദ്യത്തിന് ഇ.പി. എന്താണ് കൊച്ചുകുട്ടിയാണോ കൈപിടിച്ച് കൊണ്ടുപോകാന്‍ എന്നായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി.
വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ എം.വി.ഗോവിന്ദൻ രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിന്റെ അത്ര ഗുരുതരമല്ലാത്ത ദുരന്തങ്ങള്‍ നടന്ന സംസ്ഥാനത്ത് ഇതിനകം തന്നെ ബിജെപി സര്‍ക്കാര്‍ സഹായം നൽകി. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധയും സഹായവും ലഭിക്കുമായിരുന്നെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പ്രളയ സമയത്ത് സഹായത്തിനായി മന്ത്രിമാരെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നിലപാട് എല്ലാവരും കണ്ടതാണ്. അന്നു സാലറി ചാലഞ്ചിനെ വരെ എതിര്‍ത്ത യുഡിഎഫ് നിലപാട് ഇപ്പോഴും സംസ്ഥാന താല്പര്യത്തിന് അനുസരിച്ചല്ല. സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപിയും യുഡിഎഫും ഒന്നിച്ചു നില്‍ക്കുകയാണെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
കള്ളപ്പണക്കേസിലും എല്‍ഡിഎഫിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ശ്രമിക്കുന്നത്. പാലക്കാട്ട് ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി-യുഡിഎഫ് ഡീലുണ്ട്. നാലു കോടി രൂപ ഷാഫി പറമ്പിലിനു കൊടുത്തുവെന്ന കെ.സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ടിന്റെ തെളിവാണ്. പണം മാത്രമല്ല വോട്ടും കൈമാറാമെന്ന ഡീലാണ് ഇവര്‍ തമ്മിലുള്ളത്. തൃശൂരില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട വോട്ട് ബിജെപിക്കാണ് കിട്ടിയതെന്നും ഗോവിന്ദന് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 9 നേതാക്കള്‍ രാഷ്ട്രീയപ്രശ്നങ്ങള്‍ കാരണം കോണ്‍ഗ്രസ് വിട്ടു. അവസാനമായി പാര്‍ട്ടി വിട്ട കൃഷ്ണകുമാരി വെള്ളിനേഴി പഞ്ചായത്തിലെ കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ നേതാവാണെന്നും ഗോവിന്ദന് പറഞ്ഞു. പാലക്കാട്ട് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നു വരുത്തി കഴിഞ്ഞ തവണത്തെപ്പോലെ വോട്ട് നേടാനുള്ള കപടതന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ഓരോ ദിവസം കഴിയും തോറും എല്‍ഡിഎഫിന് അനുകൂലമായി പാലക്കാട് മാറുകയാണ്. ബിജെപി മൂന്നാം സ്ഥാനത്തേക്കു പോകും. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാനും നേട്ടമുണ്ടാക്കാനും മതരാഷ്ട്രവാദികള്‍ ഉള്‍പ്പെടെ ശ്രമിക്കുന്നു. വിഷയം പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കുക എന്ന നിലപാടാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ വിശദീകരിച്ചു.