‘20 ലക്ഷത്തിലേറെപ്പേര്‍ക്ക് അന്നദാനം; ചാർട്ടേഡ് ബസുകൾ: ദർശനം നടത്താതെ ആരും മടങ്ങില്ല’
Mail This Article
തിരുവനന്തപുരം ∙ ശരണാരവങ്ങളോടെ മറ്റൊരു മണ്ഡലകാലത്തിനു തുടക്കമാകുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിനു ഭക്തരാണ് ഭക്തിസാന്ദ്രമായ മനസ്സോടെ അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്ക് ഒഴുകുന്നത്. തീര്‍ഥാടനം സുഗമമാക്കാന്‍ ഒരുക്കിയിരിക്കുന്ന അതിവിപുലമായ സജ്ജീകരണങ്ങളെപ്പറ്റി വിശദീകരിക്കുന്നു ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍.
സുഗമമായ തീര്‍ഥാടനം, എല്ലാ ഭക്തര്‍ക്കും ദര്‍ശനം
ഇന്ത്യയിലെ ഏറ്റവും വലിയ തീർഥാടനത്തിന് ശബരിമലയിൽ തുടക്കമായി. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഭക്തരെ വരവേൽക്കാൻ സന്നിധാനം മാത്രമല്ല, ശബരിമല ഇടത്താവളങ്ങളും എല്ലാ വഴികളും കാത്തിരിക്കുകയാണ് മണ്ഡല മകരവിളക്ക് പൂജകൾക്കായി ഇന്നു വൈകിട്ട് തുറന്ന തിരുനട, മണ്ഡലപൂജ കഴിഞ്ഞുള്ള ഇടവേള ഒഴിച്ചാൽ ജനുവരി 20 വരെ തുറന്നിരിക്കും.
ശബരിമല ദർശനത്തിനെത്തുന്ന ഒരാളും ദർശനം സാധ്യമാകാതെ മടങ്ങിപ്പോകേണ്ടിവരുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് ഉറപ്പാക്കികൊണ്ടാണ് സർക്കാർ നടപടികൾ പൂർത്തീകരിച്ചിരിക്കുന്നത്. ഈ തീർഥാടന ദിവസങ്ങളിൽ ദിവസവും 18 മണിക്കൂർ ദർശന സൗകര്യമൊരുക്കും. വെർച്വൽ ക്യൂ വഴി സുഗമദർശനത്തിന് അതിവിപുലമായ സൗകര്യങ്ങളാണ് ഇത്തവണ സജ്ജീകരിച്ചിട്ടുള്ളത്. തീർഥാടകരുടെ പ്രതിദിന എണ്ണം 80,000 ന് മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. വെര്‍ച്വല്‍ ക്യൂ വഴിയുള്ള 70,000 പേര്‍ക്കു പുറമേ ദിവസവും 10,000 പേര്‍ക്കു കൂടി ദര്‍ശനസൗകര്യമുണ്ടാക്കും.
പമ്പ, എരുമേലി, പീരുമേട് എന്നിവിടങ്ങളിലെ എന്‍ട്രി പോയിന്റുകളില്‍ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകൾ വഴിയാകും റജിസ്ട്രേഷന്‍. സുരക്ഷിതമായ തീർഥാടനമാണ് ലക്ഷ്യമിടുന്നത്. എസ്എംഎസ് മുഖേന തീര്‍ഥാടകര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക.
തീര്‍ഥാടകര്‍ക്ക് ഒന്നിനും കുറവുണ്ടാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 40 ലക്ഷം ടിന്‍ അരവണയാണ് കരുതുന്നത്. ശര്‍ക്കരയും മറ്റു സാധനങ്ങളും നേരത്തേ ലേലത്തിലൂടെ കരുതി. അതിനാല്‍ പ്രസാദത്തിന് ക്ഷാമമുണ്ടാകില്ല. പ്രസാദം ലഭിക്കുന്നതിനും കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. അരണവണയും അപ്പവും തീര്‍ഥാടകര്‍ക്ക് യഥേഷ്ടം ലഭ്യമാക്കും.
സ്റ്റീല്‍ ബോട്ടിലുകളില്‍ ചുക്കു വെള്ളം, 50 ലക്ഷം പാക്കറ്റ് ബിസ്‌കറ്റ്
മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2000 സ്റ്റീല്‍ ബോട്ടിലുകളില്‍ ചുക്കു വെള്ളം നിറച്ച് മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് നല്‍കും. മലയിറങ്ങുമ്പോള്‍ ബോട്ടില്‍ തിരികെ ഏല്‍പിക്കണം സന്നിധാനം മുതല്‍ ശരംകുത്തി വരെ 60 ഓളം ചുക്കുവെള്ള കൗണ്ടറുകള്‍. ശരംകുത്തിയിലെ, മണിക്കൂറില്‍ 4000 ലീറ്റര്‍ സംഭരണശേഷിയുള്ള ബോയിലറിന്റെ ശേഷി പതിനായിരം ലീറ്റര്‍ ആക്കി ഉയര്‍ത്തി ബാരിക്കേഡുകള്‍ക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിച്ചു കിയോസ്‌കുകള്‍ വഴി ക്യൂ നില്‍ക്കുന്ന ഭക്തര്‍ക്ക് നല്‍കും. ശരംകുത്തി മുതല്‍ വലിയ നടപ്പന്തല്‍ വരെ വെള്ളം ഉറപ്പാക്കും.
ലഘുഭക്ഷണമായി 50 ലക്ഷം പാക്കറ്റ് ബിസ്‌കറ്റ് കരുതിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ ജലഅതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ ലാബിലൂടെ പമ്പയില്‍ ഓരോ മണിക്കൂറിലും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും. വനത്തിലൂടെയുള്ള പരമ്പരാഗത പാതകളും വൃത്തിയാക്കിയിട്ടുണ്ട്. അഴുതക്കടവ് -ചെറിയാനവട്ടം –പമ്പ (18 കിലോമീറ്റര്‍), സത്രം - സന്നിധാനം (12 കിലോമീറ്റര്‍) എന്നീ പാതകളില്‍ ഇക്കോ ഷോപ്പുകളും ഉറപ്പാക്കിയിട്ടുണ്ട്. ശരണപാതയില്‍ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങള്‍ തുറക്കും.
തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ 1500 ഇക്കോ ഗാര്‍ഡുകളെ നിയോഗിക്കും. എലിഫെന്റ് സ്‌ക്വാഡിന്റെയും സ്നേക്ക് ക്യാച്ചേഴ്‌സിന്റെയും അടക്കം സേവനം ലഭ്യമാണ്. നിലയ്ക്കലില്‍ 5 വിരിഷെഡിലായി 5000 പേര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപ്പന്തലില്‍ ആയിരം പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലക്കലില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് സമീപം 3000 പേര്‍ക്ക് കൂടി വിരി വയ്ക്കുവാന്‍ ഉള്ള ജര്‍മന്‍ പന്തല്‍ പൂര്‍ത്തീകരിച്ചു. പമ്പയില്‍ പുതുതായി നാലു നടപ്പന്തലുകള്‍ കൂടിയുണ്ട്, 4000 പേര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ വരിനില്‍ക്കാനുള്ള സൗകര്യം ഉണ്ടാകും. രാമമൂര്‍ത്തി മണ്ഡപത്തിന് പകരം 3000 പേര്‍ക്ക് കൂടി വിരി വയ്ക്കാന്‍ കഴിയുന്ന താല്‍ക്കാലിക സംവിധാനം ഒരുങ്ങുന്നുണ്ട്.
20 ലക്ഷത്തിലേറെ അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് അന്നദാനം നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. ഭക്തര്‍ക്ക് താമസത്തിനുള്ള സൗകര്യങ്ങളും സജ്ജമായിട്ടുണ്ട്. സന്നിധാനത്തെ ശബരി ഗെസ്റ്റ് ഹൗസിൽ പൂര്‍ണമായും നവീകരിച്ച 54 മുറികളാണുള്ളത്. സന്നിധാനത്തെ ദേവസ്വം ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പൂര്‍ണമായും നവീകരിച്ചു. പമ്പയിലെ ഗെസ്റ്റ് ഹൗസിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
ഏതു ക്ഷേത്രങ്ങളില്‍നിന്നും ചാര്‍ട്ടേഡ് കെഎസ്ആര്‍ടിസി ട്രിപ്പുകള്‍
ശബരിമല സീസണ്‍ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍നിന്നു കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസുകള്‍ നടത്തും. ബസുകള്‍ തയാറായിട്ടുണ്ട്. കോട്ടയം, എറണാകുളം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കുമളി, എരുമേലി എന്നീ കേന്ദ്രങ്ങളിലേക്ക് പമ്പയില്‍നിന്നും തിരിച്ചും തുടര്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എപ്പോഴും ഒരു ബസ് ബോര്‍ഡ് വച്ച് പാര്‍ക്കിങ്ങില്‍ ഉണ്ടായിരിക്കും. പമ്പയില്‍നിന്നു കേരളത്തിലെ കേന്ദ്രങ്ങളിലേക്കും എല്ലാ പ്രധാന ബസ് സ്റ്റേഷനുകളിലേക്കും തിരിച്ചും സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 40 അയ്യപ്പഭക്തന്മാര്‍ ആവശ്യപ്പെടുന്ന ഏതു ക്ഷേത്രങ്ങളില്‍നിന്നും കേന്ദ്രങ്ങളില്‍നിന്നും മുന്‍കൂട്ടി റിസര്‍വേഷന്‍ നല്‍കി ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ക്രമീകരിക്കും. പമ്പ - നിലക്കല്‍ ചെയിന്‍ സര്‍വീസിനു പുറമേ ആവശ്യമുള്ളത്ര ചാര്‍ട്ടേഡ് ട്രിപ്പുകളും ക്രമീകരിക്കും. ഇത് മുന്‍കൂട്ടി റിസര്‍വ് ചെയ്യാനാകും.
അര മിനിറ്റ് ഇടവിട്ട് പമ്പ നിലക്കല്‍ ചെയിന്‍ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘദൂര ബസുകള്‍ പമ്പ വരെ സര്‍വീസ് നടത്തും. തേനി– പമ്പ റൂട്ടില്‍ കൂടുതല്‍ ബസ് സര്‍വീസ് നടത്തുന്നതിന് തമിഴ്‌നാടുമായി ചര്‍ച്ച നടത്തി വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബസില്‍ കയറുന്നതിലെ തിക്കും തിരക്കും ഒഴിവാക്കുന്നതിനായി പമ്പയില്‍ ക്യൂ സിസ്റ്റം ഏര്‍പ്പെടുത്തും. ഇതിനായി ബാരിക്കേഡുകള്‍ ഒരുക്കുന്നുണ്ട്. തീര്‍ഥാടകര്‍ക്കായി ദക്ഷിണ റെയില്‍വേ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോട്ടയം ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ പ്രത്യേക ബുക്കിങ്ങ് കൗണ്ടറുകളും, ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
വിപുലമായ ചികിത്സാസൗകര്യങ്ങൾ
നിലയ്ക്കല്‍, സന്നിധാനം, കോട്ടയം മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലം മുഴുവന്‍ എക്കോ കാര്‍ഡിയോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനം പമ്പയിലും സന്നിധാനത്തും ലഭ്യമാക്കും.
13,600 പൊലീസ് ഉദ്യോഗസ്ഥർ
പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുന്‍പ് ശബരിമലയില്‍ ജോലി ചെയ്തു പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്താണ് ചീഫ് പൊലീസ് കോഓർഡിനേറ്റര്‍. ദക്ഷിണമേഖലാ ഐജി ജി. സ്‍പര്‍ജന്‍കുമാറിനെ ജോയിന്റ് കോഓർഡിനേറ്ററായും നിയോഗിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേന ഇത്തവണ കൂടുതല്‍ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളില്‍ നിയോഗിക്കും.
2500 ആപ്തമിത്ര വൊളന്റിയര്‍മാരുടെ സേവനം അഗ്നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. വിവരങ്ങള്‍ കൈമാറുന്നതിനും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുന്നതിനും അഗ്നിരക്ഷാ സേന പുതിയ വാക്കിടോക്കി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.
1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കും
പത്തനംതിട്ട, കോട്ടയം ജില്ലകളിലെയും സമീപ ജില്ലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാലിന്യസംസ്‌കരണത്തിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുക. സെപ്റ്റിക് ടാങ്ക് മാലിന്യ സംസ്‌കരണത്തിന് ആധുനിക മൊബൈല്‍ സംവിധാനങ്ങളടക്കം ഉപയോഗിക്കും. ശുചീകരണത്തിന്റെ ഭാഗമായി ഇ ടോയ്‌ലറ്റുകള്‍ ഇടത്താവളങ്ങളിലടക്കം സ്ഥാപിക്കും.
ഇതോടൊപ്പം കൊടുങ്ങല്ലൂര്‍, മഞ്ചേരി നഗരസഭകളുടെ മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റിന്റെ പ്രയോജനവും ഉറപ്പാക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. .വൈദ്യുതി തടസ്സപ്പെടാതിരിക്കാന്‍ സജ്ജീകരണം ഒരുക്കി. ജലവിതരണം സുഗമമാക്കാന്‍ കക്കിയാറില്‍ താല്‍ക്കാലിക തടയണ ഉണ്ടാകും.
നിലയ്ക്കലില്‍ 10,500 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്
പാര്‍ക്കിങ്ങിന് എരുമേലിയില്‍ ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലം വിനിയോഗിക്കും. നിലയ്ക്കലില്‍ 10,500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടാവും. എരുമേലിയിലും അധിക സൗകര്യം ഏര്‍പ്പെടുത്തും ദീര്‍ഘദൂര ബസുകള്‍ പമ്പ വരെ സര്‍വീസ് നടത്തും നിലയ്ക്കലില്‍ 7500 - 8000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നിടത്ത് പുതുതായി 2000- 2500 വാഹനങ്ങള്‍ക്ക് കൂടി പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി. (നിലയ്ക്കല്‍ പാര്‍ക്കിങ് പൂര്‍ണ്ണമായും ഫാസ്ടാഗ് ഉപയോഗിച്ചുള്ളതാണ്).
പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാര്‍ക്കിങ്ങിനുള്ള അനുമതി കോടതി നല്‍കിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. നിലയ്ക്കലില്‍ 17 പാര്‍ക്കിങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടില്‍ മൂന്ന് എക്‌സ് സര്‍വീസ്‌മെന്‍ വീതം 100 ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങള്‍ക്കായി ഉറപ്പാക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇത്തവണ സൗകര്യമൊരുക്കും. വ്രതനിഷ്ഠയോടെ ശബരിമലയില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ദർശന സാധ്യമാക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.