പീരുമേടിനെ വിറപ്പിച്ച് കാട്ടാന: ദമ്പതികൾക്കും മകൾക്കും പരുക്ക്; പേടി മാറാതെ വേണി
Mail This Article
പീരുമേട് ∙ ദേശീയപാതയോരത്തു ജനങ്ങളെ വിറപ്പിച്ച് വീണ്ടും കാട്ടാന. മരിയഗിരി സ്കൂളിനു സമീപം കാട്ടാന നിൽക്കുന്നതു കണ്ടതിനെ തുടർന്നു നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞു റോഡിൽ വീണു ദമ്പതികൾക്കും മകൾക്കും പരുക്കേറ്റു. തമിഴ്നാട് ഉത്തമപാളയം സ്വദേശി അലക്സ് പാണ്ഡ്യൻ (27), ഭുവനേശ്വരി (22), മകൾ ഉദയശ്രീ (2) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എഴരയോടെയാണു സംഭവം. കാട്ടാന ദേശീയപാതയിലേക്കു കടക്കാതിരിക്കുന്നതിനായി പട്രോളിങ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന വനപാലകരാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
വെള്ളിയാഴ്ച രാവിലെയും കാട്ടാനയുടെ ആക്രമണമുണ്ടായി. ദേശീയപാതയോരത്തു സ്കൂളിനു സമീപം വിദ്യാർഥികളുടെ നേരെ പാഞ്ഞുവന്ന അതേ കാട്ടാന അതേ സ്ഥലത്തു ബൈക്ക് യാത്രക്കാരനെ വിരട്ടിയോടിച്ചു. രാവിലെ എട്ടോടെയായിരുന്നു സംഭവം. കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ലൈബ്രേറിയൻ ജോസ് സെബാസ്റ്റ്യനാണ് ആനയുടെ കൺമുന്നിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. മകളെ പീരുമേട്ടിലെ ട്യൂഷൻ ക്ലാസിൽ എത്തിച്ച ശേഷം തട്ടാത്തിക്കാനത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ജോസ്.
മരിയഗിരി ഹയർ സെക്കൻഡറി സ്കൂളിന്റെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപത്തു കൂടിയുള്ള പാതയിലൂടെ വീട്ടിലേക്കു പോകുന്നതിനു ദേശീയപാതയിൽനിന്നു ബൈക്ക് തിരിക്കാൻ ജോസ് ശ്രമിക്കുമ്പോഴാണ് ആന തൊട്ടുമുന്നിലൂടെ കയറി വരുന്നത് കണ്ടത്. പെട്ടെന്നു ദേശീയപാതയിലേക്കു തന്നെ ബൈക്ക് തിരിച്ച ജോസിന്റെ നേരെ ആന നീങ്ങിയെങ്കിലും ഭാഗ്യം കൊണ്ടു രക്ഷപ്പെടുകയായിരുന്നു.
പേടി മാറാതെ വേണി
റോഡിലൂടെ പാഞ്ഞുവന്ന കാട്ടാനയെ കുറിച്ചു പറയുമ്പോൾ പ്ലസ് വൺ വിദ്യാർഥിനി വേണിയുടെ മനസ്സിൽ ഇപ്പോഴും പേടി വിട്ടൊഴിഞ്ഞിട്ടില്ല. സ്കൂളിൽനിന്നു വീട്ടിലേക്കു പോകാൻ പതിവുപോലെ ബസ് കാത്തു നിൽക്കുകയായിരുന്നു വേണിയും കൂട്ടുകാരികളും. ‘‘പെട്ടെന്നാണ് കുറച്ചകലെയായി ആനയെ കാണുന്നത്. കൂട്ടുകാരി അലറിവിളിച്ചു റോഡിനു കുറുകെ ഓടി. പിന്നാലെ ഞങ്ങളും ഓടി. ഈ സമയം എന്റെ തൊട്ടുപിന്നിൽ ആന ഉണ്ടായിരുന്നു. സ്കൂൾ ഗേറ്റ് കടന്നു ഞങ്ങൾ അകത്തേക്ക് ഓടിക്കയറി. പിന്നീടാണ് ശ്വാസം നേരെ വീണത്.
ഇതിനിടെ, കുറച്ചു കുട്ടികൾ പീരുമേട് ഭാഗത്തേക്ക് ഓടി. സ്കൂൾ വളപ്പിൽ കയറിയ ശേഷം തിരിഞ്ഞു നോക്കുമ്പോൾ ആന ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സമീപത്തു കൂടി താഴ്ഭാഗത്തേക്കു പോകുന്നതു കണ്ടു. പിന്നാലെ കുട്ടികൾ എല്ലാം മടങ്ങി വന്നു. പക്ഷേ എല്ലാവരുടെയും മുഖത്ത് കൺമുന്നിൽ ആനയെ കണ്ടതിന്റെ അമ്പരപ്പായിരുന്നു’’– വേണി പറഞ്ഞു. പള്ളിക്കുന്ന് സ്വദേശിയായ ഫിഷറിസ് വകുപ്പ് ജീവനക്കാരൻ ഗിരീഷിന്റെ മകളാണു വേണി.