ഇനി ‘കൈ’ പിടിക്കാം; ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാരിയർ കോൺഗ്രസിൽ, ആലിംഗനം ചെയ്ത് നേതാക്കൾ
Sandeep Warrier Joins Congress
Mail This Article
പാലക്കാട് ∙ ബിജെപിയുടെ യുവനേതാവ് സന്ദീപ് വാരിയർ കോൺഗ്രസിൽ. ബിജെപി നേതൃത്വത്തോട് ഇടഞ്ഞാണു സന്ദീപിന്റെ പാർട്ടിമാറ്റം. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ സന്ദീപിന് ഇരിപ്പിടം നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സിപിഎമ്മിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് ചർച്ച നടത്തിയെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസ് ക്യാംപിലേക്കു ചേക്കേറുന്നത്. ബിജെപിയുമായി മാനസികമായി അകന്ന സന്ദീപ് തിരിച്ചുവരാൻ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു സംസ്ഥാന നേതൃത്വം.
ആർഎസ്എസ് നേതാവ് ജയകുമാറിന്റെ അനുനയവും ഫലം കണ്ടില്ല. പ്രശ്നങ്ങൾ പിന്നീടു ചർച്ച ചെയ്യാമെന്നും പാർട്ടിയിൽ സജീവമാകാനും സന്ദീപിനോടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. സന്ദീപ് അച്ചടക്കലംഘനത്തിന്റെ പരിധി വിട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ.