സരിനു പകരം ഒറ്റപ്പാലത്ത് സന്ദീപ്?; വോട്ടെടുപ്പിന് 4 ദിവസം മുൻപ് കോൺഗ്രസിന്റെ സർജിക്കൽ സ്‌ട്രൈക്ക്
Mail This Article
തിരുവനന്തപുരം∙ പാലക്കാട്ടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന് എത്തിയപ്പോള്‍ കസേര പോലും നല്‍കാതെ അപമാനിച്ച ബിജെപി നേതൃത്വത്തിന് വോട്ടെടുപ്പിനു മുന്‍പ് തന്നെ മറുപടി നല്‍കണമെന്ന യുവനേതാവ് സന്ദീപ് വാരിയരുടെ തീരുമാനത്തിന് കോണ്‍ഗ്രസ് നേതൃത്വം കൈകൊടുത്തതോടെയാണ് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമൊപ്പം കസേര ഇട്ടിരുന്നു സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നുവെന്ന് പറയാന്‍ സന്ദീപിനായത്. കളംമാറി ചവിട്ടിയ പി.സരിന്‍ വിട്ടൊഴിഞ്ഞ ഒറ്റപ്പാലത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സന്ദീപ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഒന്നരവര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയുമോ എന്നു കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നുണ്ടെങ്കിലും സന്ദീപിനെ പോലെ ഒരു യുവനേതാവിനെ ഇടതു മുന്‍തൂക്കമുള്ള ഒറ്റപ്പാലം പിടിക്കാന്‍ പരിഗണിക്കാനുള്ള സാധ്യതയും ഏറെയാണ്. ഒറ്റപ്പാലത്ത് 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ 15,152 വോട്ടിനാണ് സിപിഎമ്മിലെ കെ.പ്രേംകുമാര്‍ വിജയിച്ചത്. പ്രേംകുമാറിന് 74,859 വോട്ടും പി.സരിന് 59,707 വോട്ടും ലഭിച്ചിരുന്നു. ബിജെപി 25,056 വോട്ട് നേടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ മത്സരിച്ച സന്ദീപ് 36,973 വോട്ട് നേടിയിരുന്നു.
ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാരിയർ, സിപിഎമ്മിലേക്ക് എന്ന അഭ്യൂഹമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹം സിപിഐയില്‍ എത്തുമെന്ന തരത്തിലുള്ള പ്രചാരണവും ഉണ്ടായി. ഇതിനിടയിലാണ് ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടു വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം മുന്‍പേ അതീവരഹസ്യമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി കോണ്‍ഗ്രസ് മേല്‍ക്കെ നേടിയത്. വി.കെ.ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും അറിവോടെ വളരെ കുറച്ചുപേര്‍ മാത്രമറിഞ്ഞാണ് സന്ദീപുമായുള്ള രഹസ്യചര്‍ച്ചകള്‍ നടന്നത്.
ട്രോളി വിവാദവും ഇരട്ടവോട്ട് വിവാദവും കത്തിപ്പടരുന്നതിനിടയില്‍ സന്ദീപുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമാഗമങ്ങള്‍ ബിജെപി, ഇടതു പാര്‍ട്ടികള്‍ക്കു മണത്തറിയാന്‍ കഴിയാത്ത തരത്തിലായിരുന്നു. രഹസ്യങ്ങള്‍ക്ക് അത്രത്തോളം സുരക്ഷിത ഇടമല്ലെന്നു കരുതപ്പെട്ടിരുന്ന കോണ്‍ഗ്രസ് പക്ഷേ അതീവചടുലവും ജാഗ്രതയും നിറഞ്ഞ നീക്കങ്ങളാണ് അണിയറയില്‍ നടത്തിയത്. വാര്‍ത്താസമ്മേളനം നടത്തുന്ന ഇന്നു രാവിലെ മാത്രമാണ് ചെറിയതോതില്‍ എങ്കിലും വിവരം പുറത്തേക്കുവന്നത്. കെ.സി.വേണുഗോപാല്‍ വഴി ഹൈക്കമാന്‍ഡിന്റെ അനുമതി നേടിയതിനു ശേഷം മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ വിവരം അറിയിക്കുകയായിരുന്നു. ഇനിയും കൂടുതൽ ആളുകൾ കോൺഗ്രസിലേക്കെത്തുമെന്ന് വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. സന്ദീപുമായുള്ള ചർച്ചകൾ വളരെ രഹസ്യമായാണ് നടന്നത്. കുറച്ചു നേതാക്കൾക്കു മാത്രമേ ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ എന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
സിപിഎമ്മിലേക്കെന്നല്ല മറ്റൊരു പാര്‍ട്ടിയിലേക്കും മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും ബിജെപിക്കാരനായി തന്നെ തുടരുമെന്നും ആണയിട്ടു പറഞ്ഞ സന്ദീപ് വാരിയർ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയിരിക്കുന്നത് ബിജെപി നേതൃത്വത്തിന്റെയും ആര്‍എസ്എസിന്റെയും ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകാതിരുന്നതോടെയാണ്. നിര്‍ണായകമായ തിരഞ്ഞെടുപ്പ് വേളയില്‍ പരസ്യമായ പ്രതികൂല പ്രതികരണങ്ങളുമായി സന്ദീപ് രംഗത്തെത്തിയത് ആര്‍എസ്എസിനെയും ചൊടിപ്പിച്ചിരുന്നു. സംഘടനാ സെക്രട്ടറിയായിരുന്ന കെ.സുഭാഷ് ഉണ്ടായിരുന്നപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടിരുന്നുവെന്നും ഇപ്പോള്‍ ബിജെപിയില്‍ ക്രൈസിസ് മാനേജ് ചെയ്യാന്‍ കഴിവുള്ള നേതാക്കളില്ലെന്നും സന്ദീപ് പറഞ്ഞിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിക്കൂട്ടിലാക്കി പ്രസ്താവനകള്‍ നടത്തിയതോടെ ബിജെപിയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള വഴി അടിഞ്ഞുവെന്നുള്ള ഉത്തമബോധ്യം സന്ദീപിന് തന്നെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ക്കു സാധ്യതയുണ്ടെന്നു തിരിച്ചറിവും സുരക്ഷിതമായ ഇടം നേടാനുള്ള സന്ദീപിന്റെ വഴികള്‍ കോണ്‍ഗ്രസിലേക്ക് എത്തിക്കുകയായിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ സന്ദീപിനെ ഇടതുപക്ഷത്ത് എത്തിക്കുന്നത് പി.സരിന് ഗുണകരമാകുമെന്ന ചിന്തയോടെ എ.കെ.ബാലന്റെ നേതൃത്വത്തില്‍ ശ്രമമുണ്ടായെങ്കിലും സിപിഎമ്മില്‍നിന്നു തന്നെ എതിര്‍പ്പുണ്ടായതോടെയാണ് നീക്കം വിജയിക്കാതിരുന്നതെന്നാണു സൂചന. ഒടുവില്‍ സിപിഐ വഴി ഇടതു പാളയത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടതുപക്ഷത്തെ ഏറ്റവുമധികം വിമര്‍ശിച്ചിരുന്ന പി.സരിനെ സ്ഥാനാര്‍ഥിയാക്കിയതിനു പുറമേ സംഘപരിവാര്‍ പാളയത്തില്‍നിന്നു കൂടി ഒരാളെ എത്തിച്ച് മുന്‍പന്തിയില്‍ നിര്‍ത്തുന്നത് രാഷ്ട്രീയ നിലപാടുകള്‍ക്കു വിരുദ്ധമാണെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു. പാലക്കാട്ടെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങളും നീക്കത്തിനു വെല്ലുവിളിയായിരുന്നു.
തീര്‍ത്തും അപ്രസക്തനായ നേതാവാണ് സന്ദീപ് വാരിയര്‍ എന്ന് പ്രകാശ് ജാവഡേക്കറും കെ.സുരേന്ദ്രനും പറയുന്നുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കം വലിയൊരു രാഷ്ട്രീയ ബോംബായി പൊടുന്നുന്നത് തടയാന്‍ കഴിയാതിരുന്നത് ബിജെപി നേതൃത്വത്തിന്റെ വീഴ്ചയായി തന്നെയാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം വിലയിരുത്തുന്നത്. കെ.സുരേന്ദ്രനും സംഘവുമാണ് കോണ്‍ഗ്രസിലേക്കു പോകാനുള്ള ഏക കാരണമെന്നാണ് സന്ദീപ് പറഞ്ഞിരിക്കുന്നത്. എല്ലായ്‌പോഴും വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന സംഘടനയില്‍നിന്ന് പിന്തുണയും സ്‌നേഹവും പ്രതീക്ഷിച്ചതാണ് താന്‍ ചെയ്ത തെറ്റെന്നും സന്ദീപ് കുറ്റപ്പെടുത്തുന്നു. പാലക്കാട്ട് ശോഭാ സുരേന്ദ്രന് സീറ്റ് നിഷേധിച്ച് കൃഷ്ണകുമാറിനെ തന്നെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതു മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ വരും ദിവസങ്ങളിലും പാര്‍ട്ടിയില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.