‘മഴ പെയ്യുമ്പോൾ പേടിച്ച് വിറയ്ക്കും, രാത്രിയിൽ മകന്റെ പാവ കെട്ടിപ്പിടിച്ച് കരയും’: ദുരന്തച്ചുഴിയിൽ ജാൻവിയും അനിലും
Mail This Article
കൽപറ്റ∙ രാത്രിയായാൽ മകൻ ശ്രീനിഹാലിന്റെ പാവയും കെട്ടിപ്പിടിച്ച് ജാൻവി കരയാൻ തുടങ്ങും. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല ഭർത്താവ് അനിൽ കുമാറിന്. ജീവിച്ചിരിക്കുന്നതു തന്നെ എന്തിനാണെന്ന് അറിയാതെ ജീവിതം തള്ളിനീക്കുകയാണ്. ഉരുൾപൊട്ടി മൂന്നര മാസം കഴിഞ്ഞിട്ടും ദുരന്തം അതേ പടി തുടരുന്നു. ഉരുൾപൊട്ടൽ ദുരന്തബാധിതനായ അവസാനത്തെ ആളുടെയും പുനരധിവാസം ഉറപ്പാക്കിയിട്ടേ ചുരമിറങ്ങൂ എന്നാണു മന്ത്രി രാജൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി പറഞ്ഞത്. വാഗ്ദാനങ്ങൾ കൊണ്ടു ദുരന്തബാധിതരെ മൂടുന്ന സർക്കാർ അനിൽ കുമാറിനെപ്പോലെയുള്ളവർക്കു മരുന്ന് വാങ്ങാനുള്ള പണമെങ്കിലും നൽകിയാൽ മതിയായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിലും അനിൽ വലിയ പ്രതീക്ഷയിലായിരുന്നു. നട്ടെല്ല് പൊട്ടി ആശുപത്രിക്കിടക്കയിലായിരുന്ന അനിൽകുമാറിനോടാണു പ്രധാനമന്ത്രി ഏറ്റവും കൂടുതൽ നേരം സംസാരിച്ചത്. ഹിന്ദി നന്നായി അറിയാവുന്നതിനാൽ പ്രധാനമന്ത്രിയോടു ദുരിതം മുഴുവൻ വിവരിച്ചു. കൈ ചേർത്തുപിടിച്ചാണു പ്രധാനമന്ത്രി വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്ന് അനിൽകുമാറിനോടു പറഞ്ഞത്. കേന്ദ്ര സർക്കാർ കൈമലർത്തിയപ്പോൾ എല്ലാം നഷ്ടപ്പെട്ടവന്റെ അവസാന പ്രതീക്ഷയും കെട്ടടങ്ങി. ക്രൊയേഷ്യയിൽ ജോലി ചെയ്തിരുന്ന അനിൽ ഉരുൾപൊട്ടുന്നതിന് ഒരു മാസം മുമ്പാണ് വീട്ടിലെത്തിയത്.
എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന അമ്മ ലീലാവതിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന പുതിയ വീട്, പൂർത്തിയാക്കി വാതിലുകൾ കൂടി വച്ച് താമസം മാറാൻ ഇരിക്കുമ്പോഴാണു ദുരന്തമെത്തിയത്. വീടും സർവതും നഷ്ടപ്പെട്ടു. ഒപ്പം മകനെയും അമ്മയെയും. കൂടെ ഉറങ്ങിക്കിടന്നപ്പോഴാണു മകനെ മരണം കവർന്നത്. ശ്രീനിഹാൽ ജനിച്ച് അഞ്ച് മാസമായപ്പോൾ ക്രൊയേഷ്യയിലേക്കു പോയതാണ്. അവിടെ രാവും പകലും ഇല്ലാതെ പണി എടുത്താണു കടം വീട്ടിയതും സ്വപ്നവീട് പണിതുയർത്തിയതും. ഒരന്തിപോലും അതിൽ കിടക്കാനായില്ല.
നട്ടെല്ലിനു ക്ഷതമേറ്റതിനാൽ ദീർഘകാലത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. ആശുപത്രിയിൽനിന്നു പോന്നതിനുശേഷം ചികിത്സാ ചെലവ് സ്വന്തമായി കണ്ടെത്തുകയാണ്. ആശുപത്രിയിൽ ഇടയ്ക്കിടെ പോകേണ്ടി വരുന്നതുകൊണ്ടു ഭാരിച്ച ചെലവാണ്. കൽപറ്റ കോക്കുഴിയിലെ വാടക വീട്ടിലാണ് അനിൽ താമസിക്കുന്നത്. നാട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ അനിൽകുമാർ ബെൽറ്റിന്റെ സഹായത്തോടെയാണ് നടക്കുന്നത്.
ഇതിനിടെ ക്രൊയേഷ്യയിലെ ജോലി രാജിവച്ചു. ഭാര്യയ്ക്ക് അനിലിനെ ഏറെ നേരം കാണാതിരിക്കാനാകില്ല. മഴ പെയ്യുമ്പോൾ ജാൻവി ഇപ്പോഴും പേടിച്ചു വിറയ്ക്കും. ആഴ്ച തോറും കൗൺസിലിങ് നൽകുന്നുണ്ടെങ്കിലും ജാൻവി ദുരന്തത്തിന്റെ ചുഴിയിൽ പെട്ടുകിടക്കുകയാണ്. അച്ഛൻ ദേവരാജനും ദുരന്തത്തിലെ പരുക്കുകളുമായി കഴിയുകയാണ്. വീടിനുള്ള വാടക ലഭിക്കുന്നുണ്ടെങ്കിലും ദിവസം 300 രൂപ എന്നത് ഒരു മാസം മാത്രമാണ് ലഭിച്ചത്. നഷ്ടപ്പെട്ട രേഖകളിൽ ആധാർ കാർഡ് മാത്രമാണ് ആകെ ലഭിച്ചത്. ദുരന്ത സ്ഥലത്തുണ്ടായിരുന്ന സ്വന്തം ബൈക്ക് താമസിക്കുന്ന വീട്ടിലെത്തിച്ചിട്ടുണ്ട്. പൂർണമായും നശിച്ച ബൈക്കിന്റെ നമ്പർ കണ്ടാണ് തിരിച്ചറിഞ്ഞത്. ദുരന്ത ഭൂമിയിൽനിന്ന് ആകെ ലഭിച്ചത് ഇതു മാത്രമാണ്.
പലരുടെയും സഹായം കൊണ്ടാണ് മരുന്നുൾപ്പെടെയുള്ളവ വാങ്ങി അനിലും കുടുംബവും ജീവിതം തള്ളി നീക്കുന്നത്. ഇത്തരത്തിൽ നൂറുകണക്കിന് അനിലുമാർ വയനാട്ടിൽ പലയിടത്തായി ചിതറിക്കിടക്കുന്നുണ്ട്. ഫിലോകാലിയയുടെ നേതൃത്വത്തിൽ ദുരന്ത ബാധിതരായ 10 പേർക്ക് സ്ഥലമേറ്റെടുത്ത് വീട് നിർമിച്ചു താക്കോൽ കൈമാറി. മൂന്നു മാസത്തിനുള്ളിൽ ഒരു സംഘടനയ്ക്ക് ഇത്രയും ചെയ്യാൻ സാധിച്ചപ്പോൾ സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ആധുനിക സൗക്യങ്ങളോടുകൂടിയ ടൗൺഷിപ്പ് എന്നെല്ലാമാണ് സർക്കാർ പറയുന്നത്. എന്നാൽ ഈ രീതിയിലാണു മുന്നോട്ടു പോകുന്നതെങ്കിൽ ദുരന്തബാധിതർക്കു ലഭിക്കാൻ പോകുന്നത് പെരുവഴിയാധാരം ആയിരിക്കും എന്നാണ് ദുരന്ത ബാധിതയായ മാരിയമ്മ പറഞ്ഞത്.
ദുരന്തബാധിതർക്ക് എന്തുകിട്ടിയെന്നു ചോദിച്ചാൽ വാഗ്ദാനം എന്നാണ് ഒറ്റവാക്കിൽ ഉത്തരം നൽകാൻ സാധിക്കുക എന്നാണ് മുണ്ടേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന ലീലാവതി പറഞ്ഞത്. പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ കൈ മലർത്തുമ്പോൾ ഉടുതുണി പോലുമില്ലാതെ പ്രാണൻ മാത്രം ബാക്കിയായവരുടെ ജീവിതം വച്ചാണ് സർക്കാർ പന്തുതട്ടുന്നതെന്ന് ഓർമിക്കണമെന്ന് മാധവി പറഞ്ഞു.