ADVERTISEMENT

കൊച്ചി∙ വടക്കൻ പറവൂർ– ചേന്ദമംഗലം മേഖലയിൽ തമിഴ് തിരുട്ടുഗ്രാമത്തിൽ നിന്നുള്ള കുറുവ മോഷണ സംഘം എത്തിയെന്ന വാർത്തയ്ക്കു പിന്നാലെ, പെരുമ്പാവൂർ മേഖലയിലും വ്യാപക മോഷണ ശ്രമങ്ങൾ. ഒരു മാസത്തിനിടയിൽ 50ലേറെ കവർച്ചാ ശ്രമങ്ങളാണ് പെരുമ്പാവൂർ ടൗണിലും പരിസരമേഖലകളിലുമായി നടന്നത്. പെരുമ്പാവൂർ ബെഥേൽ സുലോക്കോ യാക്കോബായ പള്ളിയിൽ ഇന്നു രാവിലെ നടന്ന മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു മാസത്തിനിടെ നാലാം തവണയാണ് ഈ പള്ളിയിൽ മോഷണശ്രമം. വടക്കൻ പറവൂർ മേഖലയിൽ‍ കുറുവ സംഘം എത്തിയെന്ന സൂചനയിൽ കൊച്ചിയിലും പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്. 

കുറുവാ സംഘം. (Videograb: CCTV visual)
കുറുവാ സംഘം. (Videograb: CCTV visual)

വെള്ളിയാഴ്ച വടക്കൻ പറവൂരിലെ പത്തോളം വീടുകളിലാണു കുറുവ സംഘം എത്തിയതായി സംശയിക്കുന്നത്. ഇതു കുറുവ സംഘമാണെന്നു വടക്കേക്കര പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 2 കേസുകൾ റജിസ്റ്റർ ചെയ്തെങ്കിലും മോഷണ ശ്രമത്തിനു പിന്നിൽ കുറുവ സംഘമാണെന്ന് പറഞ്ഞിട്ടില്ല. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ‍ 10 അംഗ സംഘത്തെ കുറുവകളെപ്പറ്റി അന്വേഷിക്കാൻ നിയോഗിച്ചു. ആലപ്പുഴയിൽനിന്ന് കുറുവ സംഘം എറണാകുളം ജില്ലയിലും എത്തി എന്നതിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമൊക്കെ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.

കുറുവാ സംഘം. (Videograb: CCTV visual)
കുറുവാ സംഘം. (Videograb: CCTV visual)

ഇതിനിടെയാണ് പെരുമ്പാവൂർ മേഖലയിലെ വ്യാപക മോഷണങ്ങളെയും മോഷണശ്രമങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലം കൂടിയാണ് ഇവിടം എന്നതിനാൽ മോഷണ ശ്രമങ്ങൾക്കു പിന്നിൽ ഇവരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബെഥേൽ സുലോക്കോ യാക്കോബായ പള്ളിയിൽ 2 മോഷ്ടാക്കളാണ് എത്തിയത്. ഇവർ അകത്തേക്ക് കയറിയതും അലാം മുഴങ്ങി.

കുറുവാ സംഘം. (Videograb: CCTV visual)
കുറുവാ സംഘം. (Videograb: CCTV visual)

ഉടനെ മോഷ്ടാക്കൾ കടന്നുകളയുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള കവർച്ചാ സംഘങ്ങൾ പെരുമ്പാവൂരെത്തി ഒളിച്ചു താമസിക്കുന്നുവെന്നും പരാതികളുണ്ട്. കുറുവ സംഘങ്ങളെ മറയാക്കിയും മോഷണം നടക്കുന്നുണ്ട് എന്ന കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

English Summary:

Perumbavoor is witnessing a surge in theft attempts, possibly linked to a kuruva gang from Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com