‘‘ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും’’; ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്
Mail This Article
ധാക്ക∙ ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലദേശിൽ തന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റെടുത്ത് 100 ദിവസം പൂർത്തിയായ ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് യൂനുസ് ഇക്കാര്യം പ്രഖ്യാപിച്ചത്.
‘ സ്ഥാനഭ്രഷ്ടയായ ഏകാധിപതി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് നമ്മൾ ഇന്ത്യയോട് ആവശ്യപ്പെടും. ഇക്കാര്യം രാജ്യാന്തര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരിം ഖാനുമായി ഇതിനകം ചർച്ച ചെയ്തിട്ടുണ്ട്’’–മുഹമ്മദ് യൂനുസ് പറഞ്ഞു. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിലുണ്ടായ നൂറുകണക്കിന് മരണങ്ങൾക്ക് കാരണക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ ഓഗസ്റ്റ് 5നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. ഇന്ത്യയിലെ രഹസ്യകേന്ദ്രത്തിൽ കഴിയുകയാണ് ഹസീനയും സഹോദരിയും. സർക്കാർ വിരുദ്ധ കലാപത്തിനിടെ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയ്ക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കണമെന്ന് ബംഗ്ലദേശിലെ പ്രത്യേക കോടതി നവംബർ 12ന് ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു.