ADVERTISEMENT

എരുമേലി∙ ശബരിമല തീർത്ഥാടനത്തിനായി തമിഴ്നാട്ടിൽ നിന്നെത്തിയവർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. എരുമേലി കണമല അട്ടിവളവ് ഭാഗത്ത് വച്ച് തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് റോഡിന് അരികിലെ മൺ തിട്ടയിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിൽ 5 കുട്ടികളടക്കം 22 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ എരുമേലി സർക്കാർ സിഎച്സിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നാമക്കൽ സ്വദേശികളായ ഗോവിന്ദരാജ്, ഗണേഷ് എന്നിവരെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുന്നത്. ബാക്കിയുള്ളവർ എരുമേലിയിൽ ചികിത്സയിലാണ്. ആരുടെയും പരുക്ക് ഗുരുതരമല്ല. റോഡിൽ മറിഞ്ഞ വാഹനം പിന്നീട് ക്രെയിൻ  ഉപയോഗിച്ച് ഉയർത്തി മാറ്റി.

അതിനിടെ പതിനെട്ടാം പടിയിലെ പൊലീസിന്റെ ഡ്യൂട്ടി സമയം കുറയ്ക്കാനുള്ള തീരുമാനം ഏറെ വിജയകരമായതായി ദേവസം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. വൃശ്ചികം ഒന്നു മുതൽ ശബരിമല തീർത്ഥാടകരുടെ സുഗമമായ ദർശനം സാധ്യമാക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും ചേർന്നെടുത്ത തീരുമാനം സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലിലെ പാർക്കിങ് പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനായെന്നും 7500-8000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുണ്ടായിരുന്നത് വർദ്ധിപ്പിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ശബരിമലയിൽ ഇന്ന് തിരക്ക് കുറഞ്ഞു. പുലർച്ചെ 3ന് ക്ഷേത്ര നട തുറക്കുന്നതിനാൽ പതിനെട്ടാംപടി കയറാനുള്ള നീണ്ട ക്യൂ ഇല്ല. ഞായറാഴ്ച പുലർച്ചെ 3 മുതൽ 9 വരെ 23,846 പേരാണ് ദർശനം നടത്തിയത്. പുലർച്ചെ 5.30ന് നിലയ്ക്കലിനും ചാലക്കയത്തിനും മധ്യേ കെഎസ്ആർടിസി ബസിനു തീപിടിച്ചതിനാൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതും രാവിലെ ഭർശനത്തിനുള്ള തിരക്ക് കുറയാൻ ഇടയാക്കി. അവധി ദിവസമായതിനാൽ കുട്ടികൾ കൂടുതലായി ക്ഷേത്രദർശനത്തിനെത്തുന്നുണ്ട്. 

English Summary:

Crowd at Sabarimala has reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com