ADVERTISEMENT

ലക്നൗ∙ ഗോരഖ്‌പുരിൽ രാത്രിയിൽ വീടുകളിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ ഇരുമ്പുവടി ഉപയോഗിച്ചു തലയ്ക്ക് അടിച്ചശേഷം മോഷണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു മാസത്തിനിടെ നടന്ന ഇത്തരം അഞ്ച് സംഭവങ്ങളിൽ ഒരു സ്ത്രീ മരിക്കുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിയായ അജയ് നിഷാദ് 2022ൽ പോക്സോ കേസിൽ അറസ്റ്റിലായി ആറ് മാസത്തോളം ജയിലിൽ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ജാമ്യത്തിലിറങ്ങിയ അജയ് ഗോരഖ്‌പുരിലേക്ക് മടങ്ങുന്നതിനു മുൻപ് കുറച്ചുകാലം സൂറത്തിൽ താമസിച്ചിരുന്നു. ജൂലൈ 30 ന് ഒരു വീട്ടിൽ കയറി ഒരു സ്ത്രീയെ തലയ്ക്കടിച്ച് ആഭരണങ്ങളുമായി കടന്നതാണ് ആദ്യ ആക്രമണം. ഈ സംഭവമാണ് തുടർന്നുള്ള മോഷണങ്ങളുടെ രീതി നിശ്ചയിച്ചതെന്ന് പൊലീസ് പറയുന്നു.

‘‘അയാൾ ഒരു കവർച്ചയിലാണ് തുടങ്ങിയത്. ഒരു സ്ത്രീയെ ആക്രമിക്കുകയും അവളുടെ തലയിൽ അടിക്കുകയും ചെയ്തു. തുടർന്ന് ഇത് ഒരു പ്രവർത്തനരീതിയായി സ്വീകരിച്ചു’’– മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഡോ. ഗൗരവ് ഗ്രോവർ പറഞ്ഞു. ഓഗസ്റ്റ് 12നാണ് അടുത്ത സംഭവം നടന്നതെന്നും പൊലീസ് പറഞ്ഞു. ഇത്തവണ അടി കിട്ടിയ സ്ത്രീ മരിച്ചു. ഇതിനു പിന്നാലെ ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 തീയതികളിൽ മൂന്നു സംഭവങ്ങൾ കൂടി ഉണ്ടായതായി പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അജയ് നിഷാദിനു കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ കുറ്റം സമ്മതിച്ചു. രക്ഷപ്പെടുന്നതിനു മുൻപ് പരാതിക്കാരിൽ ചിലർ അജയ് നിഷാദിനെ കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ച നഗ്നപാദനായി നടക്കുന്ന ചെറുപ്പക്കാരൻ എന്നാണ് ഇരകൾ ഇയാളെപ്പറ്റി പറഞ്ഞത്.

English Summary:

Gorakhpur Terror Ends: Serial Robber Targeting Sleeping Women Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com