11 നവജാത ശിശുക്കളുടെ മരണം: തീപിടിത്തം ബോധപൂർവമല്ല, യാദൃച്ഛികമെന്ന് അന്വേഷണ സമിതി
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ ആശുപത്രിയിൽ 11 നവജാത ശിശുക്കളുടെ മരണത്തിനിടയാക്കിയ തീപിടിത്തം തികച്ചും യാദൃച്ഛികമാണെന്നും ബോധപൂർവമല്ലെന്നും സംഭവം അന്വേഷിക്കുന്ന രണ്ടംഗ സമിതിയുടെ കണ്ടെത്തൽ. ക്രിമിനൽ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലെന്നും അതിനാൽ ഇതുവരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് രണ്ടംഗ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്തെ ബുന്ദേൽഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നായ ഝാൻസി മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ വാർഡിൽ വെള്ളിയാഴ്ച രാത്രി 10.45 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്.
സ്വിച്ച്ബോർഡിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പീഡിയാട്രിക്സ് വാർഡിൽ നവജാതശിശുക്കൾ ഉള്ളതിനാൽ വാട്ടർ സ്‌പ്രിംഗ്ലറുകൾ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ കമ്മിറ്റിയെ അറിയിച്ചു.
ഈ സമയം വാർഡിൽ ആറ് നഴ്‌സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടർമാരും ഉണ്ടായിരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ നഴ്സുമാരിൽ ഒരാളുടെ കാലിൽ പൊള്ളലേറ്റു. ഒരു പാരാമെഡിക്കൽ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയപ്പോൾ സ്വിച്ച്ബോർഡിൽ നിന്നുള്ള തീ അതിവേഗം ഓക്സിജൻ കോൺസെൻട്രേറ്ററിലേക്ക് പടരാൻ തുടങ്ങി. എന്നാൽ അപ്പോഴേക്കും തീ നിയന്ത്രണാതീതമായിരുന്നു. എന്നാൽ മിനിറ്റുകൾക്കകം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.