ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുരിൽ സംഘർഷം ശക്തമായതിനു പിന്നാലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നാളെ നോർത്ത് ബ്ലോക്കിൽ ആഭ്യന്തരമന്ത്രി വിശദമായ അവലോകന യോഗം നടത്തും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തിയ അമിത് ഷാ  പ്രചാരണ പരിപാടികള്‍ റദ്ദാക്കിയാണ് ഡല്‍ഹിക്ക് മടങ്ങിയത്. വടക്ക് കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും യോഗം പരിശോധിച്ചു. 

മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ ഇരച്ചു കയറാന്‍ ശ്രമിക്കുകയും ബിജെപി കോണ്‍ഗ്രസ്, എംഎല്‍എമാരുടെ വസതിയടക്കം ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മണിപ്പുര്‍ വിഷയം അടിയന്തരമായി പരിഗണിച്ചത്. ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി , ഇഎഫ്സിഐ പള്ളി എന്നിവ ആക്രമിച്ച പള്ളികളില്‍ പെടുന്നു

സിആര്‍പിഎഫ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം. ജിരിബാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആറുപേരും കൊല്ലപ്പെട്ടന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണിപ്പുരിലെ സ്ഥിതി വീണ്ടും വഷളായത്. തിങ്കളാഴ്ച സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി പുരുഷന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്ന് ആറ് കുടുംബാംഗങ്ങളെ കാണാതായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയായ ഹ്‌മാര്‍ ഗ്രൂപ്പിലെ സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നിരുന്നു. പിന്നാലെയായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വസതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

English Summary:

Manipur Erupts in Violence: Churches Attacked, Protests Rage as Amit Shah Calls Emergency Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com